കൊവിഡിനെ തുടർന്ന് മൂന്നു വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന രാജുവിനെ, നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് ഹരീക്കിലെ താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ നിര്യാതനായ, കൊല്ലം കടവൂർ സ്വദേശി ചെറുകര ശ്രീനിവാസിൽ രാജു സി.കെ (50)യുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു. കേളി കലാസാംസ്‍കാരിക വേദിയുടെ അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗമായിരുന്ന അദ്ദേഹം, കഴിഞ്ഞ 26 വർഷമായി അൽ ഹരീക്കിൽ കാർപെന്റർ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ - ദീപ, മക്കൾ - വിദ്യാർഥികളായ ഗൗരി, നന്ദന. ഹരിഖ് പ്രദേശത്ത് കേളി കലാസാംസ്‍കാരിക വേദി കെട്ടിപ്പടുക്കുന്നതിൽ മുൻ നിര പ്രവർത്തനം നടത്തിയ രാജു, ഹരിഖ് യൂണിറ്റിന്റെ പ്രഥമ പ്രസിഡന്റ് ആയിരുന്നു. തുടർന്ന് അൽഖർജ് ഏരിയ കമ്മറ്റി അംഗം, രക്ഷാധികാരി സമിതി അംഗം എന്നീ നിലയിലും പ്രവർത്തിച്ചുവരികയായിരുന്നു. കൊവിഡിനെ തുടർന്ന് മൂന്നു വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന രാജുവിനെ, നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് ഹരീക്കിലെ താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കേളി ജീവകാരുണ്യ കമ്മറ്റി അൽഖർജ് ഏരിയ കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടം, ട്രഷറർ ലിപിൻ പശുപതി, ഹരീക് യൂണിറ്റ് സെക്രട്ടറി ഹംസ എന്നിവർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ശ്രീലങ്കൻ എയർലൈൻസിൽ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച മൃതദേഹം വെള്ളിയാഴ്ച വൈകിട്ടൊടെ സംസ്‌കരിച്ചു. സംസ്കാര ചടങ്ങിൽ കുടുംമ്പാഗങ്ങൾക്കൊപ്പം നാട്ടിലുള്ള കേളി പ്രവർത്തകരും പങ്കെടുത്തു.
