റിയാദ്: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജൂലൈ രണ്ടിന് മരിച്ച അൽറസ്‌ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആലപ്പുഴ പുളിങ്ങോട് സ്വദേശിനി സുജ സുരേന്ദ്രെന്റെ (26) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. അസഹനീയമായ തലവേദനയെ തുടർന്ന് ജൂൺ 14നാണ് സുജയെ ഖസീം പ്രവിശ്യയിലെ കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. 

റിയാദിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വഴി കൊണ്ടുപോകുന്ന മൃതദേഹം ബുധനാഴ്ച രാവിലെ 10ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. ബന്ധുക്കളും യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങും. യു.എൻ.എയുടെ ആംബുലൻസിൽ മൃതദേഹം ജന്മനാട്ടിലെത്തിക്കും. സുരേന്ദ്രനാണ് സുജയുടെ പിതാവ്, അമ്മ ശകുന്തള. യു.എൻ.എ പ്രസിഡൻറ് ജാസ്മിൻഷായുടെ ആവശ്യപ്രകാരം ഖസീം പ്രവാസി സംഘം പ്രവർത്തകനും യു.എൻ.എ അംഗവുമായ മിഥുൻ ജേക്കബ്, സാമൂഹികപ്രവർത്തകൻ സലാം പാറട്ടി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.