റാസല്‍ഖൈമ: വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിച്ച് 20 വയസുകാരന്‍ മരിച്ചു. റാസല്‍ഖൈമയിലെ അസാനിലായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ സ്വദേശി യുവാവ് മരിച്ചു.

അപകട വിവരമറിഞ്ഞ് ട്രാഫിക് പട്രോള്‍ സംഘവും ആംബുലന്‍സും പാരാമെഡിക്കല്‍ ജീവനക്കാരുമൊക്കെ സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നതായി റാസല്‍ഖൈമ പൊലീസ് ട്രാഫിക് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു. റോഡിന്റെ വശത്ത് നട്ടുപിടിച്ചിരിക്കുകയായിരുന്ന ചെടികള്‍ നനയ്‍ക്കുന്നതിനായി ഇടതുവശത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലാണ് കാറിടിച്ചത്. യുവാവ് റോഡ് ഷോള്‍ഡറിലൂടെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൃതദേഹം സഖര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.