ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ പിഴ ലഭിച്ച ഡ്രൈവര്‍ക്ക് ഈ ബാങ്കുകളില്‍ ഏതെങ്കിലും നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. പിഴ ലഭിച്ച് രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുകയും വേണം. ശേഷം പിഴത്തുക തവണകളായി അടയ്‍ക്കാനുള്ള അപേക്ഷ നല്‍കാം. 

അബുദാബി: ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ വലിയ തുകയുടെ പിഴ അടയ്‍ക്കാനുള്ളവര്‍ക്ക് അവ പലിശരഹിത തവണകളായി അടയ്‍ക്കാന്‍ അവസരം. രാജ്യത്തെ അഞ്ച് ബാങ്കുകളുമായി ചേര്‍ന്നാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും പിഴയടയ്‍ക്കാത്തതിന്റെ പേരില്‍ വാഹനം പിടിച്ചെടുക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കണമെന്നുമാണ് പൊലീസിന്റെ അഭ്യര്‍ത്ഥന.

Add Asianetnews as a Preferred SourcegooglePreferred

അബുദാബി കൊമേഴ്‍സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മശ്റഖ് അല്‍ ഇസ്‍ലാമി, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയാണ് വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമായ തവണ വ്യവസ്ഥകളില്‍ പിഴ അടയ്‍ക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ പിഴ ലഭിച്ച ഡ്രൈവര്‍ക്ക് ഈ ബാങ്കുകളില്‍ ഏതെങ്കിലും നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. പിഴ ലഭിച്ച് രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുകയും വേണം. ശേഷം പിഴത്തുക തവണകളായി അടയ്‍ക്കാനുള്ള അപേക്ഷ നല്‍കാം. 

ഈ സംവിധാനത്തിലൂടെ അബുദാബി പൊലീസിന്റെ സര്‍വീസ് സെന്ററുകള്‍ വഴിയോ സ്‍മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പോലുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴിയോ പിഴ അടയ്‍ക്കാം. പ്രത്യേക പലിശ നല്‍കാതെ ഒരു വര്‍ഷം വരെയുള്ള തവണകളാക്കി പിഴത്തുകയെ മാറ്റാനാവും. ഒട്ടനവധി വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമാവുന്ന ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. 

ട്രാഫിക് ഫൈനുകള്‍ ആദ്യത്തെ രണ്ട് മാസത്തിനുള്ളില്‍ തന്നെ അടച്ചാല്‍ തുകയില്‍ 35 ശതമാനം ഇളവ് ലഭിക്കും. ഒരു വര്‍ഷത്തിനകം അടയ്‍ക്കുന്നവര്‍ക്ക് 25 ശതമാനം ഇളവും അനുവദിക്കുന്നുണ്ട്. 2020ലെ ട്രാഫിക് നിയമം - 5 പ്രകാരം, അബുദാബിയില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക 7000 ദിര്‍ഹത്തിലധികമായാല്‍ അധികൃതര്‍ വാഹനം പിടിച്ചെടുക്കും.