മക്ക: മസ്‍ജിദുല്‍ ഹറമില്‍ ബാങ്ക് വിളിക്കുന്നതിനിടെ മുഅദ്ദിന് ദേഹാസ്വാസ്ഥ്യം. ബാങ്ക് വിളി പൂര്‍ത്തിക്കാനാവാതെ വന്നതോടെ മറ്റൊരു മുഅദ്ദിനാണ് ബാങ്ക് വിളി പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാത്രി ഇശാ നമസ്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതിനിടെയായിരുന്നു സംഭവം.

വിശുദ്ധ ഹറമിലെ പ്രധാന മുഅദ്ദിന്‍ കൂടിയായ ശൈഖ് അലി അല്‍ മുല്ലയാണ് ബാങ്ക് വിളിച്ചത്. തുടക്കത്തില്‍ തന്നെ ശബ്ദത്തില്‍ അസ്വഭാവികത അനുഭവപ്പെട്ടിരുന്നു. തുടക്കത്തിലെ രണ്ട് വാക്യങ്ങള്‍ പിന്നിട്ടതോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്ത് തന്നെ ഉണ്ടായിരുന്ന മറ്റൊരു മുഅദ്ദിന്‍ ശൈഖ് ഹാശിം അല്‍ സഖാഫ് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ചുമതല ഏറ്റെടുത്ത് ബാങ്ക് പൂര്‍ത്തീകരിക്കുകയായിരുന്നു. 24 മുഅദ്ദിന്‍മാരാണ് വിശുദ്ധ ഹറമില്‍ ബാങ്ക് വിളിക്കുന്ന ചുമതലയിലുള്ളത്. ഓരോ ഷിഫ്റ്റിലും ഒരു മുഅദ്ദിനും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ചുമതല നിര്‍വഹിക്കാന്‍ മറ്റൊരു മുഅദ്ദിനുമുണ്ടാവും.