Asianet News MalayalamAsianet News Malayalam

ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ദമ്പതികള്‍ നാട്ടിലെത്തി

ഹണിമൂണ്‍ സ്‌പോണ്‍സര്‍ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ വേണ്ടി ഇവരുടെ കൈവശം ഏല്‍പ്പിച്ച പാക്കറ്റിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഒനിബയും ഭര്‍ത്താവും ഖത്തറിലെത്തിയതും പിന്നീട് ലഹരിമരുന്ന് കടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതും.

mumbai  couple acquitted in drug trafficking case in qatar return home
Author
Mumbai, First Published Apr 15, 2021, 10:17 PM IST

ദോഹ: ലഹരിമരുന്ന് കടത്ത് കേസില്‍ ഖത്തറില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയും ഒടുവില്‍ നിരപരാധികളെന്ന് കണ്ടെത്തി വെറുതെ വിടുകയും  ചെയ്ത ഇന്ത്യന്‍ ദമ്പതികള്‍ നാട്ടില്‍ തിരിച്ചെത്തി. ഒന്നര വര്‍ഷമായി ഖത്തറില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ മുഹമ്മദ് ഷരീഖിനെയും ഭാര്യ ഒനിബ ഖുറേഷിയെയും നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഖത്തര്‍ അപ്പീല്‍ കോടതി വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.

ദമ്പതികളും മകളും ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഖത്തര്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് ചിത്രങ്ങള്‍ സഹിതമായിരുന്നു ട്വീറ്റ്. ലഹരിമരുന്ന് കടത്ത് കേസില്‍ ഖത്തറില്‍ പിടിക്കപ്പെട്ട ഇവര്‍ക്ക് 10 വര്‍ഷം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. 2019 ജൂലൈയിലാണ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മുംബൈ സ്വദേശികളായ മുഹമ്മദ് ഷരീഖിനെയും ഭാര്യ ഒനിബ ഖുറേഷിയെയും പൊലീസ് പിടികൂടുന്നത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തി. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം മധുവിധു ആഘോഷിക്കാനായാണ് ദമ്പതികള്‍ ഖത്തറിലെത്തിയത്. 

ഹണിമൂണ്‍ സ്‌പോണ്‍സര്‍ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ വേണ്ടി ഇവരുടെ കൈവശം ഏല്‍പ്പിച്ച പാക്കറ്റിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഒനിബയും ഭര്‍ത്താവും ഖത്തറിലെത്തിയതും പിന്നീട് ലഹരിമരുന്ന് കടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖത്തറില്‍ വെച്ച് ഒനിബ കുഞ്ഞിന് ജന്മം നല്‍കി. ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ മുംബൈ പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി) ദമ്പതികള്‍ നിരപരാധികളാണെന്നും ബന്ധുവായ തബസ്സം ആണ് ഇവരെ കുരുക്കിലാക്കിയതെന്നും കണ്ടെത്തിയിരുന്നു.

mumbai  couple acquitted in drug trafficking case in qatar return home

കഴിഞ്ഞ സെപ്തംബറില്‍ തബസ്സവും കൂട്ടാളിയായ നിസാം കാരയും മുംബൈ പൊലീസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് 13 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടന്നതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ദമ്പതികളുടെ കുടുംബവും ഇന്ത്യന്‍ അധികൃതരും ഇവരുടെ മോചനത്തിനായി ശ്രമിക്കുകയായിരുന്നു. ഒടുവില്‍ നിരപരാധികളാണെന്ന് കണ്ടെത്തി കോടതി ഇരുവരെയും വെറുതെ വിടുകയായിരുന്നു.  

Follow Us:
Download App:
  • android
  • ios