മസ്കറ്റ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.
മസ്കറ്റ്: 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്ന ആശയവുമായി ഒമാനിലെ അൽ ഖുറം നാച്ചുറൽ പാർക്കിൽ മസ്കറ്റ് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.
നഗരസഭയുടെ പ്രത്യേക അനുമതിയോട് കൂടി ഖുറം നാച്യുറൽ പാർക്കിന്റെ മനോഹരവും ശാന്തവുമായ പച്ചപ്പു നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഒമാനിലെ യോഗാ ദിനാചരണം ഇന്ത്യൻ എംബസി ഒരുക്കിയിരുന്നത്. രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹം, ഒമാനി സുഹൃത്തുക്കൾ, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ ആയിരത്തി ഇരുനൂറിലധികം യോഗാ പ്രേമികൾ വെളുപ്പിനെ അഞ്ച് മണിക്ക് തന്നെ നാച്ച്യുറൽ പാർക്കിൽ എത്തിയിരുന്നു. അന്താരാഷ്ട്രാ യോഗാ ദിനം ആചരിക്കുന്നതിലും അതിന്റെ ഭാഗമാകുന്നതിലും മസ്കറ്റ് ഇന്ത്യൻ എംബസിയുമായി സഹകരിക്കുന്നതിലും അവസരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് ഒമാൻ ഊർജ്ജ, ധാതു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയും ഒമാനി യോഗാ ടീച്ചറുമായ സ്വധാ ഇസ്സാം പറഞ്ഞു.
ഒമാനെയും ഇന്ത്യയെയും തമ്മിൽ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ടതും അതിശയകരവുമായ ഒരു ഭാഗത്ത് ഒന്നിപ്പിക്കുക എന്നതാണ് ഇതിലൂടെ നൽകിയ സന്ദേശമെന്ന് സ്വധാ ഇസ്സാം പറഞ്ഞു. ഒമാനിലെ എല്ലാവർക്കും യോഗയെക്കുറിച്ച് അറിവുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്നും, യോഗാസനങ്ങളുടെ പ്രയോജനവും അത് ജീവിതത്തെ എങ്ങനെ രൂപാന്തരപ്പെടുത്തുമെന്നതിനെപ്പറ്റിയും സ്വധാ ഇസ്സാം സൂചിപ്പിച്ചു. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുവാൻ എല്ലാവരും യോഗാ പിന്തുടരണമെന്ന് സ്ഥിരമായി യോഗാ പരിശീലനം ചെയ്തു വരുന്ന ഒമാനിലെ നേപ്പാൾ അംബാസഡർ ദോർനാഥ് ആര്യാൽ ആവശ്യപ്പെട്ടു.
2014 മുതൽ യോഗ ലോകമെമ്പാടും പ്രചാരത്തിലുണ്ട്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് യോഗ.ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഈ സന്ദേശം മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതൽ പ്രസക്തമാണെന്ന് ഇന്ത്യൻ സ്ഥാനപതി ജിവി ശ്രീനിവാസ് പറഞ്ഞു. സലാലയിലും അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾ ഒരുക്കിയിരുന്നു. സലാലയിൽ 500ലധികം പേർ പങ്കെടുത്തുവെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. സേവാ ഇന്റർനാഷണൽ ഗ്രൂപ്പ് , ആർട്ട് ഓഫ് ലിവിംഗ് എന്നി സമിതികളുടെ നേതൃത്വത്തിലും അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്ക് എംബസിയുമായി സഹകരിച്ചുവെന്നും മസ്കറ്റ് ഇൻഡ്യൻ എംബസി അറിയിച്ചു.
