എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടാണ് ഇത്തവണ മസ്‍കത്ത് അന്താരാഷ്‍ട്ര പുസ്‍തക മേള സംഘടിപ്പിക്കുന്നത്. പ്രതിദിനം 50,000 പേര്‍ക്ക് മാത്രമായിരിക്കും മുന്‍കൂര്‍ രജിസ്‍ട്രേഷനോടെ പ്രവേശനം അനുവദിക്കുക.

മസ്‍കത്ത്: അക്ഷര വിശേഷങ്ങളൊരുക്കികൊണ്ട് ഇരുപത്തി ആറാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്‍തകമേള ഒമാൻ കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി ഇരുപത്തിനാലിന് ആരംഭിക്കും. ഒമാൻ കിരീടാവകാശിയും കായിക - സാംസ്‌കാരിക മന്ത്രിയുമായ തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് പുസ്‍തക മേള ഉദ്ഘാടനം ചെയ്യുമെന്ന് ഒമാൻ വാർത്താ വിതരണ വകുപ്പ് മന്ത്രി ഡോ. അബ്‍ദുല്ല ബിൻ നാസർ അൽ ഹരാസ്‌സി ബുധനാഴ്‍ച നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

പുസ്‍തക മേളയില്‍ 27 രാജ്യങ്ങളിൽ നിന്നുള്ള 715 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. പ്രദർശനത്തിന്റെ ഭാഗമായി 114 കലാ - സാംസ്കാരിക സമ്മേളനങ്ങളും കുട്ടികൾക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള എഴുപതോളം വ്യത്യസ്‍ത പരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്‌ട്ര പുസ്‍തക മേള സംഘടിപ്പിക്കുന്നത് രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയിലായിരുന്നുവെന്നും എന്നാൽ ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടും മറ്റ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടും മേള സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വാർത്താ വിതരണ വകുപ്പ് മന്ത്രി ഡോ. അബ്‍ദുല്ല ബിൻ നാസർ അൽ ഹരാസ്‌സി വാര്ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പുസ്‍തക മേളയിലേക്കുള്ള സന്ദർശനത്തിന് മുൻ‌കൂർ രജിസ്ട്രേഷൻ ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം 50,000 പേർക്ക് മാത്രമേ പ്രവേശനാനുമതി നൽകുകയുള്ളുവെന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത പുസ്‍തക മേള ഡയറക്ടർ അഹമ്മദ് അൽ റവാബി അറിയിച്ചു.

Scroll to load tweet…

ഒമാനില്‍ മൊബൈല്‍ വാക്‌സിനേഷന്‍ സൗകര്യം 24 വരെ
മസ്‌കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയം(Oman Health Ministry) മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ആരംഭിച്ച മൊബൈല്‍ വാക്‌സിനേഷന്‍(mobile vaccination) സൗകര്യം ഈ മാസം 24 വരെ തുടരും. ഈ ദിവസങ്ങളില്‍ നിശ്ചിത സ്ഥലങ്ങളിലെത്തുന്നവര്‍ക്ക് മൊബൈല്‍ യൂണിറ്റുകളില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 

സീബ് വിലായത്തിലെ മസ്‌കറ്റ് മാളില്‍ ഫെബ്രുവരി 13,14 തീയതികളില്‍ വൈകിട്ട് നാലു മുതല്‍ എട്ടു മണി വരെയാണ് സമയം. അല്‍ മകാന്‍ കഫെയ്ക്ക് സമീപം ഫെബ്രുവരി 15,16 തീയതികളില്‍ വൈകിട്ട് നാലു മണി മുതല്‍ രാത്രി എട്ടുവരെ, ബോഷര്‍ വിലായത്തിലെ മിനി സ്ട്രീറ്റില്‍ 17-20 വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ. മത്ര ഹെല്‍ത്ത് സെന്ററിന് സമീപം 21, 22 തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ, അമിറാത് വിലായത്തിലെ സുല്‍ത്താന്‍ സെന്ററിന് സമീപം 23,24 തീയതികളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി എട്ടു വരെയാണ് ഇതിനുള്ള സൗകര്യമെന്ന് അധികൃതര്‍ അറിയിച്ചു.