മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ മൈനകളെ നിയന്ത്രിച്ചിരുന്നു.
ദോഹ: ഖത്തറിൽ മൈനകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ തുടർന്ന് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. ഈ വർഷം ആദ്യ നാലു മാസങ്ങളിലായി 5936 മൈനകളെ പിടികൂടി. മുൻവർഷം സമാന കാലയളവിലുള്ളതിനേക്കാൾ കൂടുതൽ മൈനകളെയാണ് ഇത്തവണ പിടിച്ചതെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസത്തിനിടെ 2,791 മൈനകളെയാണ് പിടികൂടിയത്. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായി മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുകൾ സ്ഥാപിച്ചാണ് ഇവയെ പിടികൂടുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ ശാസ്ത്രീയവും ആസൂത്രിതവുമായ പദ്ധതികളിലൂടെയാണ് മൈന നിയന്ത്രണം അധികൃതർ നടപ്പാക്കുന്നത്.
കഴിഞ്ഞ വർഷം 16 ഇടങ്ങളിലായി 150ഓളം കൂടുകളാണ് സ്ഥാപിച്ചതെങ്കിൽ, ഈ വർഷം 33 സ്ഥലങ്ങളിലായി സ്ഥാപിച്ച കൂടുകളുടെ എണ്ണം 540 ആയി വർധിച്ചു. മൈനകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് ഇവിടങ്ങളിൽ പ്രത്യേക കെണിയൊരുക്കി പിടികൂടുന്നത്. ജനുവരിയിൽ 434 കൂടുകളിലൂടെ 1512 മൈനകളെ പിടികൂടി. ഫെബ്രുവരിയിൽ 1350ഉം, മാർച്ചിൽ 1461ഉം, ഏപ്രിലിൽ 1613ഉം ആയി വർധിച്ചു. പിടികൂടിയ മൈനകൾക്കായി പ്രത്യേക കൂടുകളും തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പറന്നെത്തി ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ.
ഇവയുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രാദേശിക കാർഷിക മേഖലകൾക്കും, മറ്റ് പക്ഷികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണ സീസണുകളിലെത്തുന്ന ദേശാടന കിളികൾ നിശ്ചിത സമയത്തിനുശേഷം മടങ്ങുന്നുവെങ്കിൽ ഇവ വാസം ഉറപ്പിക്കുകയും, കുടിയേറിയ സ്ഥലങ്ങളിലെ പരിസ്ഥിതിക്ക് ആഘാതമായി തുടരുകയും ചെയ്യുന്നതായി പക്ഷി നിരീക്ഷകർ പറയുന്നു. രാജ്യത്തെ മൈനകളുടെ എണ്ണം ഗണ്യമായി കൂടിയതോടെയാണ് ഇവയെ പിടികൂടാനും വംശവർധന തടയാനും ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തീരുമാനിച്ചത്.


