പ്രളയക്കെടുതില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വന്ന യുഎഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്‍ക് മൊഹമ്മദ് ബിൻ റാഷിദ് അൽമക്തുമിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദില്ലി: പ്രളയക്കെടുതില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വന്ന യുഎഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്‍ക് മൊഹമ്മദ് ബിൻ റാഷിദ് അൽമക്തുമിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങളെ സഹായിക്കാനുള്ള തീരുമാനം ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലെ സവിശേഷ ബന്ധത്തിൻറെ പ്രതിഫലനമാണെന്ന് മോദി വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് യുഎഇ ഭരണകൂടം കഴിഞ്ഞദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്നായിരുന്നു യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചിരുന്നു.

കേരളത്തിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ യുഎഇ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. എമിറേറ്റ്സ് റെഡ് ക്രെസന്റിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ രാജ്യത്തെ പ്രമുഖ സന്നദ്ധസംഘനകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയുടെ വിജയത്തിന് കേരള ജനതയുടെ പിന്തുണ എക്കാലവും ഉണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. 

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് 4കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രളയ ദുരിതത്തില്‍ ദുഖം പങ്കുവെച്ച് യുഎഇ പ്രസിഡന്റും അബുദാബി അമീറുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സന്ദേശം അയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരും കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന സന്ദേശം രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്