മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ, അവ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ, ഈ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണയ്‍ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ അവബോധം വളർത്താനും പ്രചരിപ്പിക്കാനുമാണ് 'ഇൻസാൻ' ക്യാമ്പെയിനിലൂടെ ദേശിയ നിർവാഹക സമതി ലക്ഷ്യമിടുന്നത്.

മസ്‍കത്ത്: ഒമാനില്‍ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിയുടെ (എന്‍.സി.സി.എച്ച്.ടി) നേതൃത്വത്തില്‍ രണ്ടാമത് ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. 'മനുഷ്യൻ' എന്നര്‍ത്ഥം വരുന്ന അറബി വാക്കായ 'ഇൻസാൻ' എന്നാണ് ക്യാമ്പെയിന് പേര് നല്‍കിയിരിക്കുന്നത്. 

മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ, അവ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ, ഈ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണയ്‍ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ അവബോധം വളർത്താനും പ്രചരിപ്പിക്കാനുമാണ് 'ഇൻസാൻ' ക്യാമ്പെയിനിലൂടെ ദേശിയ നിർവാഹക സമതി ലക്ഷ്യമിടുന്നത്.

ഒമാൻ സ്വദേശികളും പ്രവാസികളായ രാജ്യത്തെ സ്ഥിര താമസക്കാരുമുൾപ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് അവരുടെ മാതൃഭാഷകളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. മനുഷ്യക്കടത്തിന് ഇരയാകാൻ സാധ്യതയുള്ള വിഭാഗങ്ങൾക്ക് ഈ സന്ദേശങ്ങൾ ലഭിക്കുന്നുവെന്ന് സമതി ഉറപ്പു വരുത്തുകയും ചെയ്യും.

ഏത് രാജ്യത്തെ പൗരനായാലും വംശം, നിറം, മതം എന്നിവ പരിഗണിക്കാതെ മാനുഷിക മൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തമായ സന്ദേശം എല്ലാവരിലും എത്തിക്കാനാണ് ഒമാനിലെ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി (എന്‍.സി.സി.എച്ച്.ടി) നിലകൊള്ളുന്നതെന്ന വിവരം പൊതു ജനങ്ങളിൽ എത്തിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 

2017ൽ സംഘടിപ്പിച്ചിരുന്നു 'എഹ്‍സാൻ' എന്ന ആദ്യത്തെ ക്യാമ്പയിനിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് 'ഇൻസാൻ' എന്ന ഈ രണ്ടാമത്തെ ക്യാമ്പയിന്‍ വിഭാവന ചെയ്‍തത്. 2021 മാർച്ച് ഒന്നിന് ആരംഭിച്ച 'ഇൻസാൻ' ക്യാമ്പയിന്‍ മെയ് 31 വരെ നീണ്ടുനിൽക്കും.

YouTube video player