കോഴിക്കോട്: ബഹ്റൈനിൽ കൊടുവള്ളി സ്വദേശി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.  ബഹ്റൈനിലെ സാറിൽ കഫ്തീരിയയിൽ ജോലിക്കാരനായിരുന്ന ഉളിയാടൻ കുന്നുമ്മൽ അബ്ദുറഹിമാന്റെ മകനായ മുഹമ്മദ് ഷാഫിഖ് എന്ന മാനുവാണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 5.45ഓടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് കൊടുവള്ളി ജമാ മസ്ജിദിലെ
മയ്യത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കി. നിരവധി പേരാണ് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

കുടുംബഭാരവും പേറിയാണ് മാനു ബഹ്റൈനിലേക്ക് പോയത്. പ്രവാസ ജീവിതം രണ്ടരമാസം കഴിയുമ്പോഴേക്കും മരണം മാനുവിനെ തേടിയത്തിയതോടെ ഒരു
കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇല്ലാതായത്. ഞായറാഴ്ച രാത്രി വരെ വാട്സ്ആപ്പിൽ വോയ്സ് മെസേജുകളും മറ്റും അയച്ച സുഹൃത്തിന്റെ മരണമേൽപ്പിച്ച ആഘാതത്തിലാണ് നാട്ടുകാർ.