റിയാദ്: സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളുമായ 374 പേര്‍ക്കെതിരെ അഴിമതി വിരുദ്ധ അതോറിറ്റി നടപടികള്‍ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍. ഇവരെ അറസ്റ്റ് ചെയ്ത് തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചു. ഇതിലൂടെ 277 ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്തതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

റിയാദിലെ ഒരു ഗവര്‍ണറേറ്റിന് കീഴിലുള്ള ഏതാനും ബലദിയ ജീവനക്കാര്‍ക്കെതിരെയുള്ള അഴിമതി കേസും ഇതില്‍പ്പെടുന്നു. ഇവര്‍ അഴിമതി നടത്തിയത് സംബന്ധിച്ച് സംശയമുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ഇവരെ ചോദ്യം ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ച് ജീവനക്കാരെ സംബന്ധിച്ച വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു. വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രോസിക്യൂഷനില്‍ നിന്ന് ഇവരെ പിടികൂടാനും വീടുകള്‍ പരിശോധിക്കാനും ഉത്തരവിറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

പരിശോധനയില്‍ 45,960,900 റിയാല്‍, 360,000 മൂല്യമുള്ള വിദേശ കറന്‍സികള്‍, 2.500,000റിയാലിന്റെ ഭക്ഷ്യ, സ്‌റ്റോര്‍ ഷോപ്പിങ് പ്രീപെയ്ഡ് കാര്‍ഡുകള്‍, 149,225 റിയാലിന്റെ ഇന്ധന പ്രീപെയ്ഡ് കാര്‍ഡുകള്‍, അഞ്ച് ഗോള്‍ഡ് ബാറുകള്‍, ആറ് തോക്കുകള്‍ എന്നിവ കണ്ടെത്തിയതായി അധികൃതരെ ഉദ്ധരിച്ച് 'സൗദി ഗസറ്റ്' റിപ്പോര്‍ട്ട് ചെയ്തു.