ബ്രാന്റ് നെയിമുകള്‍ ദുരുപയോഗം ചെയ്തും, വ്യാജ ബ്രാന്‍ഡുകള്‍ ഉണ്ടാക്കിയുമൊക്കെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വ്യാപാരം നടന്നിരുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച 4879 അക്കൗണ്ടുകള്‍ ഇതിനോടകം പൂട്ടിച്ചു. മൂന്ന് കോടിയിലധികം പേരാണ് ഇവ ഫോളോ ചെയ്തിരുന്നത്. 

ദുബായ്: കഴിഞ്ഞ ആറ് മാസത്തിനിടെ യുഎഇയില്‍ അയ്യായിരത്തോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയതായി ഇക്കണോമിക് ഡെവലമെന്റ് മന്ത്രാലയം അറിയിച്ചു. വ്യാജ ഉല്‍പ്പന്നങ്ങളും നിയമവിരുദ്ധമായ വസ്തുക്കളും രാജ്യത്ത് വിറ്റഴിക്കാന്‍ ശ്രമിച്ച പേജുകള്‍ക്കും അക്കൗണ്ടുകള്‍ക്കും എതിരെയാണ് നടപടിയെടുത്തത്. 

ബ്രാന്റ് നെയിമുകള്‍ ദുരുപയോഗം ചെയ്തും, വ്യാജ ബ്രാന്‍ഡുകള്‍ ഉണ്ടാക്കിയുമൊക്കെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വ്യാപാരം നടന്നിരുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച 4879 അക്കൗണ്ടുകള്‍ ഇതിനോടകം പൂട്ടിച്ചു. മൂന്ന് കോടിയിലധികം പേരാണ് ഇവ ഫോളോ ചെയ്തിരുന്നത്. 

സാമൂഹിക മാധ്യമങ്ങളുടെ സ്വീകാര്യത വര്‍ദ്ധിച്ചത് വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നവര്‍ക്ക് സഹായകമായി മാറിയെന്ന് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് പ്രൊട്ടക്ഷന്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഇബ്രാഹീം ബെഹ്സാദ് പറഞ്ഞു. ദുബായിലെ വിപണിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും പ്രത്യേക സംഘം സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ സദാ നീരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച 30 ഓളം വെബ്സൈറ്റുകളും അടച്ചുപൂട്ടിയിട്ടുണ്ട്. സ്വന്തം സുരക്ഷയേയും ആരോഗ്യത്തെയും ബാധിക്കുമെന്നതിനാല്‍ നിലവാരം കുറ‍ഞ്ഞ വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളെ സൂക്ഷിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇക്കണോമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്മെന്റിനെ (ഡി.ഇ.ഡി) സോഷ്യല്‍ മീഡിയ വഴിയോ അല്ലെങ്കില്‍ 60054 5555 എന്ന നമ്പറിലോ അറിയിക്കണം.