സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് 8,000ത്തോളം ഇന്ത്യക്കാരാണ് വിദേശ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ പകുതിയും ഗള്‍ഫ് രാജ്യങ്ങളിലാണുള്ളത്.

മനാമ: വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരും വിചാരണ നേരിടുന്നവരുമുള്‍പ്പെടെ ബഹ്‌റൈനിലെ(Bahrain) ജയിലുകളില്‍(jail) കഴിയുന്നത് ആകെ 178 പ്രവാസി ഇന്ത്യക്കാര്‍(Expat Indians). ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമുള്ള വിവരമാണിത്. ആകെ 1,570 പ്രവാസി ഇന്ത്യക്കാരാണ് സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്നത്. 1,292 ഇന്ത്യന്‍ തടവുകാര്‍ യുഎഇയിലെയും 460 തടവുകാര്‍ കുവൈത്തിലെയും 439 തടവുകാര്‍ ഖത്തറിലെയും 49 ഇന്ത്യന്‍ തടവുകാര്‍ ഒമാനിലെയും ജയിലുകളില്‍ കഴിയുന്നുണ്ട്. 

സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് 8,000ത്തോളം ഇന്ത്യക്കാരാണ് വിദേശ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ പകുതിയും ഗള്‍ഫ് രാജ്യങ്ങളിലാണുള്ളത്. തടവുകാര്‍ക്ക് ഏറ്റവും നല്ല മാനുഷിക പരിഗണന ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ മികച്ച ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്(ഐസിആര്‍എഫ്) ചെര്‍മാന്‍ ഡോ. ബാബു രാമചന്ദ്രനെ ഉദ്ധരിച്ച് 'ദി ഡെയ്‌ലി ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റൈനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ അംബാസഡറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര, നോണ്‍-പ്രോഫിറ്റ് സ്ഥാപനമാണ് ഐസിആര്‍എഫ്. ബഹ്‌റൈനില്‍ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് വരെ ഐസിആര്‍എഫ് ബഹ്‌റൈന്‍ ജയിലുകളില്‍ സ്ഥിരമായി സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ജയില്‍ സംവിധാനമാണ് ബഹ്‌റൈനിലുള്ളതെന്നും ലോകനിലവാരം പുലര്‍ത്തി കൊണ്ട് തടവുകാരുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കുന്നുണ്ടെന്നും ഡോ. ബാബു പറഞ്ഞു. കൊവിഡ് നിയന്ത്രണവിധേയമാകുമ്പോള്‍ ജയില്‍ സന്ദര്‍ശനങ്ങള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈനിലെ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റിലിലെ ഫിസിഷ്യന്‍ കൂടിയാണ് ഡോ. ബാബു രാമചന്ദ്രന്‍.