അപൂർവരോഗമായ ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന രോഗം ബാധിച്ച് അബുദാബിയിൽ ചികിത്സയിലായിരുന്ന നീതുവിന്‍റെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. തുടർന്ന് സർക്കാർ ഇടപെടൽ. ഒടുവിൽ ശ്രീചിത്രയിലെ ചികിത്സ കഴിഞ്ഞ് നീതു ജീവിതത്തിലേക്ക് മടങ്ങിവരികയാണ്.

തിരുവനന്തപുരം: ഓർമകൾ തിരിച്ചുപിടിക്കുന്നതേയുള്ളൂ, പതുക്കെപ്പതുക്കെ മിണ്ടാറായതേയുള്ളൂ. എങ്കിലും നിറഞ്ഞു ചിരിക്കുന്നു നീതു. കൈകൂപ്പി നന്ദി പറയുന്നു. ഇപ്പോൾ ഒത്തിരി ഭേദമുണ്ട് എന്ന് പറയുന്നു. 

നീതുവിനെ ഓർക്കുന്നില്ലേ? ഗൾഫിൽ വച്ചാണ് ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന അപൂര്‍വ രോഗം നീതുവിനെ ബാധിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുന്പായിരുന്നു വിധിയുടെ ക്രൂരത. ഏഴുമാസത്തോളം അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സ. ഏഷ്യാനെറ്റ് ന്യൂസിലൂടെ നീതുവിന്റെ അവസ്ഥ പുറം ലോകമറിഞ്ഞു. 

തുടർന്ന് സർക്കാർ ഇടപെൽ. നോർക്കയുടെ സഹായത്തോടെ നീതു നാട്ടിലേക്ക്. 21 ദിവസം ശ്രീചിത്രമെഡിക്കല്‍ സെന്‍ററിൽ സർക്കാർ ചെലവിലായിരുന്നു ചികിത്സ. ഇനി മൂന്നുമാസം ദിവസവും ആശുപത്രിയിൽ എത്തിച്ച് തുടർചികിത്സ നടത്തണം. അതിനായി മെഡിക്കൽ കോളേജിന് സമീപത്ത് തന്നെ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ് കുടുംബം.

''ദിവസവും ഇനി ഫിസിയോതെറാപ്പി ചെയ്യണം. അതിന് ഇവിടെ അടുത്തൊരു വീട്ടിൽ താമസിക്കാനാണ് തീരുമാനം. ഒത്തിരി സഹായിച്ചു എല്ലാവരും. ഏഷ്യാനെറ്റ് ന്യൂസടക്കം. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി സഹായങ്ങൾ കിട്ടി. സർക്കാർ എല്ലാ സഹായവും ചെയ്തു തന്നു. ഇപ്പോഴീ ചികിത്സാച്ചെലവടക്കം സർക്കാർ ചെയ്തു തന്നതാണ്. ഒത്തിരി നന്ദിയുണ്ട്'', എന്ന് നീതുവിന്‍റെ അമ്മ ബിന്ദു പറയുന്നു.

വെന്റിലേറ്റർ സഹായത്തോടെയായിരുന്നു രോഗബാധിതയായി നാല് മാസം നീതു ജീവൻ നിലനിർത്തിയത്. അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ നീതുവിന് ആരെയും തിരിച്ചറിയാനാകുമായിരുന്നില്ല. ചലനശേഷി തിരിച്ചുകിട്ടാൻ ഇനിയും നാളുകൾ എടുക്കും. ഓർമ്മയും പതിയെ തിരിച്ചുപിടിക്കുകയാണ് നീതു.

''ഇപ്പോഴും സംസാരിക്കുമ്പോൾ, ചെറിയ രീതിയിൽ ബന്ധമില്ലാത്തത് പോലെയാകാറുണ്ട്. പക്ഷേ, തുടർച്ചയായി ചികിത്സ നൽകിയാൽ ഭേദമാകുമെന്നാണ് പ്രതീക്ഷ'', നീതുവിന്‍റെ സഹോദരൻ നിതിൻ പറയുന്നു.

വാർത്തയറിഞ്ഞ് സഹായവും പ്രാർത്ഥനയും ഒപ്പം നിന്നവർക്കെല്ലാം ഹൃദയപൂർവം നന്ദിയർപ്പിക്കുകയാണ് നീതുവും കുടുംബവും.

ഭര്‍ത്താവ് ഉപേക്ഷിച്ച ബിന്ദു 12 വര്‍ഷമായി യുഎഇയില്‍ തൂപ്പു ജോലിയെടുത്താണ് മക്കളെ പഠിപ്പിച്ചത്. മകളെ വിവാഹം കഴിപ്പിച്ച് രണ്ടുമാസം തികയും മുമ്പാണ് നീതു അപൂര്‍വ രോഗത്തിന്‍റെ പിടിയിലായത്. 

സന്ദര്‍ശകവിസയില്‍ അമ്മയെ കാണാന്‍ അബുദാബിയിലെത്തിയ നീതു ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന അപൂര്‍വ രോഗം പിടിപെട്ട് ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന വാര്‍ത്ത സെപ്റ്റംബർ പതിനെട്ടാം തീയതിയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയതത്. തുടര്‍ന്ന് ഗള്‍ഫ് പര്യടനത്തിനെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും, മന്ത്രി ഇ പി ജയരാജനും ആശുപത്രിയില്‍ നേരിട്ടെത്തി നീതുവിനെയും അമ്മയെയും കണ്ടു. തിരുവനന്തപുരം ശ്രീചിത്രയില്‍ സര്‍ക്കാര്‍ സഹായത്തോടെ തുടര്‍ ചികിത്സകള്‍ നടത്തുമെന്നും ഉറപ്പു നല്‍കുകയായിരുന്നു.