റിയാദ്: നേരിട്ട് പരിചയമില്ലാത്ത ആളുകളുടെ പേരിൽ ബാങ്ക് വഴി പണം അയക്കരുതെന്ന് സൗദിയിലെ ബാങ്കുകളുടെ കൂട്ടായ്മ. ബാങ്കിങ് ഇടപാടുകളെ കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുന്ന ബോധവത്കരണ സമിതിയാണ് മുന്നറിയിപ്പ് നൽകിയത്. 

ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തേണ്ടത് നിർബന്ധമാണ്. അജ്ഞാതരായ ആളുകളുടെ പേരിൽ പണമയക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം. അജ്ഞാതരായ ആളുകളുടെ പേരിൽ പണമയക്കുന്നത് പണം വെളുപ്പിക്കൽ ഇടപാടുകളുടെ ഭാഗമായി മാറിയേക്കും. നേരിട്ട് അറിവില്ലാത്ത ബാങ്കിങ് ഇടപാടുകൾ തങ്ങളുടെ അക്കൗണ്ടുകൾ വഴി നടന്നാലുടൻ അതേക്കുറിച്ച് ഇടപാടുകൾ ബാങ്കുകളെ അറിയിക്കണം. 

ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ പണത്തിന്റെ യഥാർഥ ഉറവിടവും ഇടപാടിന്റെ യഥാർഥ ലക്ഷ്യവും വെളിപ്പെടുത്തൽ നിർബന്ധമാണ്. തെറ്റായ വിവരങ്ങൾ നിയമനടപടികളിൽ കുടുക്കിയേക്കുമെന്നും ബാ-ങ്കിങ് ബോധവൽക്കരണ സമിതി മുന്നറിയിപ്പ് നൽകി.