റിയാദ്: സൗദിയില്‍ ശനിയാഴ്ച 48 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 392ആയി. അതേസമയം ആശ്വാസ വാർത്തയായി എട്ട് പേർ കൂടി സുഖം പ്രാപിച്ച വിവരം ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി പുറത്തുവിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 16 ആയി. 

പുതിയതായി രോഗം സ്ഥിരീകരിച്ച 48 പേരിൽ അഞ്ചുപേർ വിദേശത്ത് നിന്നെത്തിയവരാണ്. ബാക്കിയുള്ളവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ പടർന്നതാണ്. ഇവരിൽ പലരും മരണാനന്തര ചടങ്ങ്, കല്യാണ പരിപാടികൾ, കുടുംബ യോഗങ്ങൾ, മറ്റ് ആഘോഷ സംഗമങ്ങൾ എന്നിവയിൽ പെങ്കടുത്തതിലൂടെയാണ് വൈറസ് ബാധിതരുമായി അടുത്തിടപഴകാനും രോഗപകർച്ചയുണ്ടാവാനും ഇടയായതെന്നും അതുകൊണ്ട് തന്നെ രാജ്യത്തുള്ള എല്ലാവരും ഇത്തരം പരിപാടികളെല്ലാം ഒഴിവാക്കി പരമാവധി വീടുകളിൽ ഒതുങ്ങിക്കൂടണമെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.