അബുദാബി: ജനിച്ച് ഒരു ദിവസത്തിനകം കൊവിഡ് 19 ബാധിച്ച കുഞ്ഞും അമ്മയും യുഎഇയില്‍ രോഗമുക്തരായി. അബുദാബിയില്‍ താമസിക്കുകയായിരുന്ന പലസ്തീന്‍ സ്വദേശി അബു സാഹറിന്റെ ഭാര്യ റനീന്‍ അബു സാഹറും മകന്‍ ജാദിനുമാണ് കൊവിഡ് ഭേദമായത്. യുഎഇയില്‍ കൊവിഡ് മുക്തമായതില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുഞ്ഞ്. അമ്മയ്ക്കും കുഞ്ഞിനും കൊവിഡ് ഭേദമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അബുദാബിയിലെ കോര്‍ണിഷ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും പ്രത്യേക ഐസൊലേഷനിലാക്കിയാണ് ചികിത്സ നടത്തിയത്. കൃത്യമായ ചികിത്സ നല്‍കിയതോടെ ജനിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞിന് രോഗം ഭേദമാകുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിനും മറ്റ് രണ്ട് മക്കള്‍ക്കും കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.