റിയാദ്: ഉംറ തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാൻ പുതിയ കമ്പനി രൂപവത്കരിക്കും. തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ജോയിന്റ് സ്റ്റോക്ക് കമ്പനി സ്ഥാപിക്കാനാണ് ദേശിയ ഹജ്ജ് - ഉംറ കമ്മിറ്റിയുടെ തീരുമാനം. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി ഏറ്റവും മികച്ച സേവനങ്ങൾ തീർത്ഥാടകർക്ക് നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കമ്പനി രൂപീകരിക്കുന്നത് സംബന്ധിച്ച പഠനം പൂർത്തിയായി. ഇത് നിലവിൽ വന്നശേഷം വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിർത്തി പോസ്റ്റുകളിലും എത്തുന്ന തീർത്ഥാടകരെ സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും ഏറ്റവും മികച്ച സേവനം ലഭ്യമാക്കും. ഇത്തരം കേന്ദ്രങ്ങളിൽ തീർത്ഥാടകരുടെ ലഗേജ് പരിശോധന സംവിധാനങ്ങൾ പരിഷ്‌കരിക്കും.

മക്കയിലും മദീനയിലും ഹറമുകൾക്കു സമീപമുള്ള പ്രദേശങ്ങളിലും വഴിതെറ്റുന്ന തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് പ്രത്യേക കർമ്മ സമിതികളൂം പുതിയ കമ്പനിക്ക് കീഴിൽ പ്രവർത്തിക്കും. തീർത്ഥാടകരുടെ പേര് വിവരങ്ങളും താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അടങ്ങിയ സ്മാർട്ട് വളകൾ തീർത്ഥാടകർക്ക് വിതരണം ചെയ്യും. ഇതിന് പുറമെ തീർത്ഥാടകാരിൽ നിന്ന് 24 മണിക്കൂറും പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക സംഘവും പുതിയ കമ്പനിക്ക് കീഴിൽ പ്രവർത്തിക്കും.