റിയാദ്: സൗദി അറേബ്യയുടെ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണറായി ഡോ. ഫഹദ് അല്‍മുബാറക്കിനെ നിയമിച്ചു. മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയത്തേയും ഭവന മന്ത്രാലയത്തേയും ലയിപ്പിക്കുകയും ചെയ്തു. മാജിദ് അല്‍ഹുഖൈലിനെ ഈ വകുപ്പിന്റെ മന്ത്രിയായി നിയമിച്ചു. ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഞായറാഴ്ച രാത്രി ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.

സൗദി മോണിറ്ററി അതോറിറ്റിയെ സൗദി സെന്‍ട്രല്‍ ബാങ്കാക്കി പുനര്‍നാമകരണം നടത്തി പുനസംഘടിപ്പിച്ചത് അടുത്തിടെയായിരുന്നു. തുടര്‍ന്നാണ് ഗവര്‍ണറായി ഡോ. ഫഹദ് അല്‍ മുബാറക്കിനെ നിയമിച്ചത്. നിലവില്‍ സൗദി മന്ത്രിസഭാംഗവും സഹ മന്ത്രിയുമായിരുന്നു ഇദ്ദേഹം. ഭവന മന്ത്രാലയത്തെ മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തോട് ലയിപ്പിച്ചാണ് മാജിദ് അല്‍ഹുഖൈലിനെ പുതിയ വകുപ്പിന്റെ മന്ത്രിയാക്കിയത്. പുതിയ മന്ത്രാലയം മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം എന്ന് അറിയപ്പെടും. മൂന്ന് മാസത്തിനകം മന്ത്രാലയങ്ങള്‍ തമ്മിലെ ലയന നടപടി പൂര്‍ത്തിയാക്കണം.