കിഴക്കൻ പ്രവിശ്യയിൽ ദഹ്റാൻ കിംഗ് അബ്ദുൾ അസീസ് എയർബെയ്‌സിൽ നടന്ന ചടങ്ങിലാണ് തദ്ദേശീയമായി വികസിപ്പിച്ച സൗദിയിലെ ആദ്യ ഹോക് ജെറ്റ് പരിശീലന വിമാനം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തിന് സമർപ്പിച്ചത്

ജിദ്ദ: ആദ്യ ഹോക് ജെറ്റ് വിമാനം പുറത്തിറക്കി വ്യോമയാന രംഗത്ത് പുതുചരിത്രമെഴുതി സൗദി അറേബ്യ. 70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ച സൗദിയിലെ ആദ്യ ഹോക് ജെറ്റ് പരിശീലന വിമാനം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ രാജ്യത്തിന് സമർപ്പിച്ചു.

കിഴക്കൻ പ്രവിശ്യയിൽ ദഹ്റാൻ കിംഗ് അബ്ദുൾ അസീസ് എയർബെയ്‌സിൽ നടന്ന ചടങ്ങിലാണ് തദ്ദേശീയമായി വികസിപ്പിച്ച സൗദിയിലെ ആദ്യ ഹോക് ജെറ്റ് പരിശീലന വിമാനം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തിന് സമർപ്പിച്ചത്.

വിമാനത്തിന്റെ 70 ശതമാനത്തിലേറെ നിർമാണവും സ്വദേശി യുവാക്കൾ തന്നെയാണ് പൂർത്തിയാക്കിയത്. ഹോക് ജെറ്റ് വിമാന നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ആഗോള വിദഗ്ധര്‍ക്ക് കീഴിൽ പരിശീലനം ലഭിച്ച സ്വദേശി യുവാക്കളുടെ നേതൃത്വത്തിൽ ഇതിനകം 22 ഹോക് എയർ ക്രാഫ്റ്റുകൾ വികസിപ്പിച്ചിട്ടുണ്ട്.

പ്രതിരോധ - വ്യോമയാന മേഖലയിലെ ലോകപ്രശസ്ത സ്ഥാപനമായ ബിഎഇ സിസ്റ്റംസിന്റെ സഹകരണത്തോടെ സൗദി- ബ്രിട്ടീഷ് ഡിഫൻസ് കോ-ഓപ്പറേഷൻ പ്രോഗ്രാം ആണ് സ്വദേശി യുവാക്കളുടെ പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്.

ദേശിയ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സൈനിക- യുദ്ധ സാമഗ്രികൾ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്നതിന് വിഷൻ 2030 വിഭാവന ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹോക് ജെറ്റ് പരിശീലന വിമാനം ഇന്നലെ രാജ്യത്തിന് സമർപ്പിച്ചത്.