Asianet News MalayalamAsianet News Malayalam

സൗദിയില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പുതിയ നിയമം

നിലവിലുള്ള സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ 24 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ബഖാലകളിലും മിനി സൂപ്പർമാർക്കറ്റുകളിലുമുള്ള ബിനാമി ബിസിനസ് അടക്കമുള്ള  പ്രവണത അവസാനിപ്പിക്കുകയാണ് ഇതിലൂടെ വാണിജ്യ നിക്ഷേപ മന്ത്രാലയം ലക്ഷ്യമാക്കുന്നത്

new law for super markets in saudi
Author
Dammam Saudi Arabia, First Published Jul 31, 2019, 12:15 AM IST

ദമാം: സൗദിയിൽ ബഖാലകൾക്കും മിനി സൂപ്പർമാർക്കറ്റുകൾക്കും പുതിയ നിയമ വ്യവസ്ഥ വരുന്നു. പരിഷ്‌കരിച്ച നിയമാവലി വാണിജ്യ നിക്ഷേപ മന്ത്രാലയം അംഗീകരിച്ചു. നിലവിലുള്ള സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ 24 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

ബഖാലകളിലും മിനി സൂപ്പർമാർക്കറ്റുകളിലുമുള്ള ബിനാമി ബിസിനസ് അടക്കമുള്ള  പ്രവണത അവസാനിപ്പിക്കുകയാണ് ഇതിലൂടെ വാണിജ്യ നിക്ഷേപ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം സ്വന്തമായി ട്രേഡ് മാർക്കില്ലാത്ത മുഴുവൻ ബഖാലകൾക്കും മിനി സൂപ്പർമാർക്കറ്റുകൾക്കും ഏകീകൃത സ്വഭാവമുള്ള നെയിം ബോർഡായിരിക്കും.

സ്ഥാപനത്തിന്റെ മുൻവശത്തിന്റെ വീതിക്ക് അനുസൃതമായാണ് നെയിം ബോർഡ് സ്ഥാപിക്കേണ്ടത്. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പറും നെയിം ബോർഡിൽ രേഖപ്പെടുത്തണം. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ മുൻവശം സുതാര്യമായ ചില്ലുകൾകൊണ്ട് നിർമ്മിച്ചതായിരിക്കണം.

ഉപയോക്താക്കൾക്കും ജീവനക്കാർക്കും സുഗമമായി സഞ്ചരിക്കുന്നതിന് മതിയായ സൗകര്യവും സ്ഥാപനങ്ങൾക്കകത്ത് ഉണ്ടായിരിക്കണം. സ്ഥാപനങ്ങളുടെ പേര് രേഖപ്പെടുത്തിയ യൂണിഫോം മുഴുവൻ ജീവനക്കാരും ധരിക്കണം. ഭക്ഷ്യവസ്തുക്കളും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ ഹെൽത്ത് കാർഡ് യൂണിഫോമിൽ തൂക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

പുതിയതായി ആരംഭിക്കുന്ന മുഴുവൻ ബഖാലകൾക്കും മിനി സൂപ്പർമാർക്കറ്റുകൾക്കും നിയമം ബാധകമായിരിക്കും. നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിയമം അനുസരിച്ചു പദവി ശരിയാക്കുന്നതിന് രണ്ടു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios