ക്രമരഹിതമായ രീതിയിൽ പായ്ക്ക് ചെയ്ത ലഗേജുകൾ കൊണ്ട് പോകുന്നതിന് 2017 സെപ്റ്റംബർ മുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നുഎന്നാൽ, പുതിയ ലഗേജ് നിയമ പ്രകാരം, ഇവ കൊണ്ടുപോകാൻ സാധിക്കും.

മസ്ക്കറ്റ്: കൺവെയർ ബെൽറ്റുകളിലൂടെ കടത്തിവിടാനാകാത്ത ലഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുമെന്ന് ഒമാൻ വിമാനത്താവള അധികൃതർ. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും ബാഗേജ് സേവനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

ചെറിയ വലിപ്പത്തിലുള്ള പ്രത്യേക ലഗേജുകള്‍ക്ക് രണ്ടു റിയൽ അഞ്ഞൂറ് ബൈസയും , വലിയ ലഗേജുകള്‍ക്ക് നാല് ഒമാനി റിയലുമാണ് അധികമായി ഈടാക്കുക. 30 സെന്‍റീമീറ്റര്‍ നീളവും എട്ടു സെന്‍റീമീറ്റര്‍ വീതിയും 7.5 സെന്‍റീമീറ്റര്‍ ഉയരവും ആയിരിക്കണം ഓരോ ലഗേജിന്‍റെയും കുറഞ്ഞ വലിപ്പം.

ഈ നിബന്ധന പാലിക്കാത്ത ലഗേജുകൾ പ്രത്യേക ഇനത്തിൽ ഉൾപെടുത്തും. കൺവെയർ ബെൽറ്റുകൾ മുഖേന സ്വീകരിക്കുവാൻ കഴിയാത്ത ലഗേജുകൾ , അധിക ജീവനക്കാരെ ഉപയോഗിച്ചാണ് കൈകാര്യം ചെയ്യുക. 43 ഇഞ്ചു സ്ക്രീൻ വലിപ്പമുള്ള ടെലിവിഷനുകൾ, ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ എന്നിവക്കും അധിക ഫീസ് നൽകണം.

വീൽ ചെയറുകൾ, ഗോൾഫ് ബാഗുകൾ എന്നിവയ്ക്ക് പുറമെ വിമാന കമ്പനികൾ സൗജന്യമായി നൽകുന്ന പ്രത്യേക ലഗേജുകളെ പുതിയ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്രമരഹിതമായ രീതിയിൽ പായ്ക്ക് ചെയ്ത ലഗേജുകൾ കൊണ്ട് പോകുന്നതിന് 2017 സെപ്റ്റംബർ മുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

എന്നാൽ, പുതിയ ലഗേജ് നിയമ പ്രകാരം, ഇവ കൊണ്ടുപോകാൻ സാധിക്കുമെന്നു അധികൃതർ വ്യക്തമാക്കി. മസ്ക്കറ്റ്, സലാല , സൊഹാർ എന്നി വിമാനത്താവളങ്ങളിൽ ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ ലഗേജു നിയമം ബാധകമായി കഴിഞ്ഞു.