മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്ത് വൻ തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര ശൃംഖലയിലെ പ്രതികളെ അറസ്റ്റ് ചെയ്തു. വ്യാജ ലിങ്കുകൾ വഴി മാൽവെയർ കടത്തിവിട്ട് ഒടിപി ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തിയാണ് ഇവർ പണം തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി മറിച്ചുവിറ്റ് വെളുപ്പിക്കുകയായിരുന്നു സംഘത്തിന്റെ രീതി.
കുവൈത്ത് സിറ്റി: സ്വദേശികളുടെയും വിദേശികളുടെയും മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്ത് വൻ സൈബർ തട്ടിപ്പ്. സംഭവത്തിൽ പ്രതികളെ കുവൈത്ത് സുരക്ഷാ വിഭാഗം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരു കുവൈത്ത് പൗരനെയും സിറിയൻ സ്വദേശിയായ പ്രവാസിയെയും പൊലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഇരകളുടെ ഫോണുകൾ ദൂരെ നിന്ന് നിയന്ത്രിക്കുകയും ബാങ്കിങ് വിവരങ്ങളും ഒടിപി സന്ദേശങ്ങളും ചോർത്തി പണം തട്ടിയെടുക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ഹാക്കിങ് ശൃംഖലയിലെ പ്രധാനികളാണ് ഇവരെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ലോക്കൽ നമ്പറുകളിൽ നിന്ന് വന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടതായി കാണിച്ച് നിരവധി സ്വദേശികളും പ്രവാസികളും നൽകിയ പരാതിയിലാണ് സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചത്.
ലിങ്കിൽ ക്ലിക്ക് ചെയ്ത ഭൂരിഭാഗം പേരും ഒടിപി നമ്പറുകൾ ആർക്കും കൈമാറിയിരുന്നില്ലെങ്കിലും അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിക്കപ്പെടുകയായിരുന്നു. ലിങ്കുകളോടൊപ്പം ഫോണുകളിലേക്ക് കടത്തിവിട്ട മാരകമായ മാൽവെയറുകളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇരകൾ തങ്ങളുടെ ബാങ്കിങ് ആപ്ലിക്കേഷനുകൾ തുറക്കുന്ന സമയം ഹാക്കർമാർ രഹസ്യവിവരങ്ങൾ തത്സമയം ചോർത്തുകയും പണം തട്ടിയെടുക്കുകയുമായിരുന്നു.
ഒരു അറബ് രാജ്യം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘവുമായാണ് പ്രതികൾ ചേർന്ന് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. വിദേശത്തിരിക്കുന്ന സംഘം സാങ്കേതികമായി ഫോണുകൾ ഹാക്ക് ചെയ്ത് പണം മോഷ്ടിക്കുമ്പോൾ, കുവൈത്തിലുള്ള പ്രതികൾ ഈ പണം ഉപയോഗിച്ച് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈനായി വാങ്ങും. തുടർന്ന് ഈ ഉപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് മറിച്ചുവിറ്റ് പണം വെളുപ്പിക്കുകയായിരുന്നു ഇവരുടെ രീതി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. തങ്ങൾ കമ്മീഷന് വേണ്ടി സാധനങ്ങൾ കൈപ്പറ്റുകയും അവ മറിച്ചുവിൽക്കുകയുമാണ് ചെയ്തതെന്നാണ് പ്രതികളുടെ മൊഴി. പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.


