Asianet News MalayalamAsianet News Malayalam

യുഎഇയിലെ കൊവിഡ് വ്യാപനം; ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍

സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും പുതിയ ശിക്ഷാ നടപടികളും മറ്റും സ്വീകരിക്കുകയെന്നും അവ എപ്പോള്‍ നടപ്പിലാക്കണമെന്ന് തീരുമാനിക്കുകയെന്നും പബ്ലിക് പ്രേസിക്യൂഷന് കീഴിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി ആക്ടിങ് ചീഫ് പ്രോസിക്യൂട്ടര്‍ സലീം അല്‍ സാബി പറഞ്ഞു. 

New penalties may be enforced to curb coronavirus spread says UAE official
Author
Abu Dhabi - United Arab Emirates, First Published Aug 21, 2020, 11:47 PM IST

അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ജാഗ്രാതാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വരുത്തുന്ന വീഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരാന്‍ ഇടായാക്കിയതെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ നിയമലംഘനങ്ങള്‍ക്ക് പുതിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും അറിയിച്ചിട്ടുണ്ട്.

സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും പുതിയ ശിക്ഷാ നടപടികളും മറ്റും സ്വീകരിക്കുകയെന്നും അവ എപ്പോള്‍ നടപ്പിലാക്കണമെന്ന് തീരുമാനിക്കുകയെന്നും പബ്ലിക് പ്രേസിക്യൂഷന് കീഴിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി ആക്ടിങ് ചീഫ് പ്രോസിക്യൂട്ടര്‍ സലീം അല്‍ സാബി പറഞ്ഞു. സാഹചര്യം എന്ത് തന്നെ ആയാലും അത് നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോടും പ്രതിരോധ നടപടികളോടും ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് യുഎഇ ഗവര്‍ണമെന്റിന്റെ ഔദ്യോഗിക വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദി പറഞ്ഞു. സാമൂഹിക അകലം, അണുവിമുക്തമാക്കല്‍, മാസ്‍ക് ധരിക്കല്‍ തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ അനുസരിക്കണം. കൊവിഡ് വ്യാപനം നേരിടുന്നതില്‍ ഇവ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. വാക്സിനോ മരുന്നോ കണ്ടെത്തുന്നതുവരെ ഈ നടപടികള്‍ തുടരണണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രോഗികളുടെ എണ്ണം ഇനിയും തുടര്‍ച്ചയായി വര്‍ദ്ധിക്കുമെങ്കില്‍ ദേശീയ അണുനശീകരണ നടപടികള്‍ പുനഃരാരംഭിക്കേണ്ടി വരുമെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി പറഞ്ഞു. നേരത്തെ മാര്‍ച്ച് 26ന് തുടങ്ങിയ അണുവിമുക്തമാക്കല്‍ നടപടികള്‍ ജൂണ്‍ 24നാണ് യുഎഇ പൂര്‍ത്തിയാക്കിയത്. ഇതോടെ രാജ്യത്തെ യാത്രാ വിലക്കുകളും നീക്കി. മൂന്ന് മാസത്തോളം നീണ്ട നടപടികളില്‍ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളും റോഡുകളും പൊതുസ്ഥലങ്ങളും അടക്കം എല്ലാ മേഖലകളിലും അണുനശീകരണം നടത്തി. നിലവില്‍ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ ജനങ്ങളുടെ സഹകരണത്തെയും ഉത്തരവാദിത്ത ബോധത്തെയുമാണ് ആശ്രയിക്കുന്നതെന്ന് അല്‍ ദാഹിരി പറഞ്ഞു.

Follow Us:
Download App:
  • android
  • ios