ദുബൈ: ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയിലോ ടൂറിസ്റ്റ് വിസയിലോ ദുബൈയിലെത്തുന്നവര്‍ക്ക് പ്രത്യേക നിബന്ധന. ട്രാവല്‍ ഏജന്റുമാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാരടക്കമുള്ള നിരവധിപ്പേരെ തിരിച്ചയച്ച സാഹചര്യത്തിലാണ് പുതിയ നടപടി.

ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച നിര്‍ദേശപ്രകാരം ഇന്ത്യ, പാകിസ്ഥാന്‍, അഫ്‍ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ നിന്നുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കൈവശമുണ്ടായിരിക്കണം. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലും (DXB) ദുബൈ അല്‍മക്തൂം അന്താരാഷ്‍ട്ര വിമാനത്താവളത്തിലും (DWC) എത്തുന്നവര്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും.

നിബന്ധന പാലിക്കാതെയെത്തുന്ന യാത്രക്കാരെ അവര്‍ പുറപ്പെട്ട സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കും. ഇതിനുള്ള ചെലവ് വിമാനക്കമ്പനികളില്‍ നിന്ന് ഈടാക്കുമെന്ന് കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്റിഗോയും യാത്രക്കാര്‍ക്കായി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.  സാധുതയുള്ള മടക്കയാത്രാ ടിക്കറ്റില്ലാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് കമ്പനികളുടെ അറിയിപ്പ്. അതേസമയം കുറഞ്ഞത് 2000 ദിര്‍ഹമെങ്കിലും കൈവശം വേണമെന്നും നിബന്ധനയുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച അറിയിപ്പില്‍ പറയുന്നുണ്ടെങ്കിലും വിമാനക്കമ്പനികള്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ ഇപ്പോള്‍ വരെ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.