250 സംഘടനകള്‍ക്ക് നേരത്തെയുണ്ടായിരുന്ന എംബസി രജിസ്‍ട്രേഷന്‍ വെറും 69 സംഘടനകള്‍ക്കായി പരിമിതപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംഘടനകളുടെ രജിസ്‍ട്രേഷന്‍ സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സംഘടനകളുടെ രജിസ്‍ട്രേഷന്‍ സംബന്ധിച്ച് ഇന്ത്യന്‍ എംബസി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംഘടനകള്‍ കുവൈത്ത് തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിക്ക് നിയമപരമായി യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
250 സംഘടനകള്‍ക്ക് നേരത്തെയുണ്ടായിരുന്ന എംബസി രജിസ്‍ട്രേഷന്‍ വെറും 69 സംഘടനകള്‍ക്കായി പരിമിതപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സംഘടനകളുടെ രജിസ്‍ട്രേഷന്‍ സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുപ്രകാരം പ്രാദേശിക, ജില്ലാ, അലുംനി അസോസിയേഷനുകള്‍ക്ക് എംബസി രജിസ്‍ട്രേഷന്‍ അനുവദിക്കില്ല. എംബസി രജിസ്‍ട്രേഷനുവേണ്ടി അപേക്ഷിക്കുന്ന സംഘടനകള്‍ ചുരുങ്ങിയത് രണ്ടുവര്‍ഷം പ്രവര്‍ത്തിക്കുന്നവരും മറ്റു സംഘടനകളില്‍ അംഗമല്ലാത്ത 500 അംഗങ്ങള്‍ ഉള്ളതുമായിരിക്കണം. ഫണ്ട് പിരിവ് പോലുള്ള നിയമ വിരുദ്ധ പ്രവരത്തനങ്ങള്‍ നടത്തുന്നതില്‍ എംബസിക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.
സംഘടനകളുടെ റെജിസ്‍ട്രേഷന്‍ അവരുടെ സാന്നിധ്യത്തിനുള്ള അനുമതി മാത്രമാണെന്നും പ്രവര്‍ത്തനങ്ങളില്‍ എംബസിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, നഴ്‌സുമാര്‍, എഞ്ചിനീയര്‍മാര്‍, ബിസിനസുകാര്‍ മുതലായ പ്രൊഫഷനുകളില്‍ കേന്ദ്രീകൃത സംഘടനകള്‍ക്ക് രജിസ്‍ട്രേഷന്‍ നിബന്ധനകളില്‍ ചില ഇളവുകള്‍ നല്‍കുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
മൂന്നു വര്‍ഷത്തേക്കായിരിക്കും രജിസ്‍ട്രേഷന്‍ കാലാവധി. ഈ കാലയളവില്‍ സംഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്താനും ആവശ്യമെങ്കില്‍ രജിസ്‍ട്രേഷന്‍ റദ്ദാക്കാനും എംബസിക്ക് അധികാരമുണ്ടായിരിക്കും. നേരത്തെ എംബസി പുതുക്കി നിശ്ചയിച്ച പട്ടികയില്‍ നിരവധി പ്രമുഖ മലയാളി സംഘടനകള്‍ പുറത്താവുകയും പല കടലാസു സംഘടനകളും നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഇതിന് മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
