നിലവിലുള്ള 20 കിലോമീറ്റര്‍ ബഫര്‍ സ്പീഡ് സംവിധാനം എടുത്തുകളയും. ഓഗസ്റ്റ് 12 മുതല്‍ അബുദാബിയിലെ റോഡുകളില്‍ പുതിയ വേഗപരിധി പ്രാബല്യത്തില്‍ വരും. 

അബുദാബി: ഓഗസ്റ്റ് 12 മുതല്‍ അബുദാബിയിലെ റോഡുകളില്‍ പുതിയ വേഗപരിധി പ്രാബല്യത്തില്‍ വരും. നിലവില്‍ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ അന്നു മുതല്‍ പ്രദര്‍ശിപ്പിക്കും.

സിറ്റി റോഡുകളില്‍ നേരത്തെ 60 കിലോമീറ്ററായിരുന്ന വേഗപരിധി ഇനി മുതല്‍ 80 കിലോമീറ്ററായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഹൈവേകളില്‍ 120 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നത് 140 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കും. ഇതോടൊപ്പം നിലവിലുള്ള 20 കിലോമീറ്റര്‍ ബഫര്‍ സ്പീഡ് സംവിധാനം എടുത്തുകളയും. അതായത് 80 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡുകളില്‍ നിങ്ങളുടെ വാഹനത്തിന്റെ വേഗത 81 കിലോമീറ്ററായാല്‍ പോലും ക്യാമറ നിങ്ങളെ പിടികൂടും. പിഴ ശിക്ഷ ലഭിക്കുകയും ചെയ്യും. 

റോഡുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനായാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് അബുദാബി പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി അറിയിച്ചു. പുതിയ വേഗത പരിധിയെക്കുറിച്ച് അറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ ഫെബ്രുവരിയില്‍ തന്നെ റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പ്ലാസ്റ്റിക് കൊണ്ട് മൂടി വെച്ചിരിക്കുകയാണ്.