Asianet News MalayalamAsianet News Malayalam

ഷാര്‍ജ തീപിടിത്തം; മരിച്ച ഇന്ത്യക്കാരില്‍ ഫെബ്രുവരിയില്‍ വിവാഹം കഴിഞ്ഞ യുവതിയും, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിന് കീഴിലെ ഡിഎക്സ്ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിള്‍ സത്യദാസ്. 

newly married woman from India killed in Sharjah al nahda fire
Author
First Published Apr 9, 2024, 7:25 PM IST

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. രണ്ട് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. ബെംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീന്‍ ബാനു (29) എന്നിവരാണ് മരിച്ചത്. 

ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിന് കീഴിലെ ഡിഎക്സ്ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിള്‍ സത്യദാസ്. സംഗീതജ്ഞരായ എ ആര്‍ റഹ്മാന്‍, ബ്രൂണോ മാര്‍സ് എന്നിവരുടെ ഉള്‍പ്പെടെ സംഗീത പരിപാടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൗണ്ട് എഞ്ചിനീയറായിരുന്നു മൈക്കിളെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

മരിച്ച സംറീന്‍ ബാനുവിന്‍റെ വിവാഹം ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. മദീനയില്‍ വെച്ചായിരുന്നു വിവാഹം. ശേഷം ദമ്പതികള്‍ അല്‍ നഹ്ദയിലെ കെട്ടിടത്തില്‍ താമസിച്ചുവരികയായിരുന്നെന്ന് യുവതിയുടെ സുഹൃത്തിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംറീന്‍റെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ദുബൈയിൽ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ സംറീന്റെ മൃതദേഹം ഖിസൈസിൽ ഖബറടക്കി.

Read Also - പ്രവാസി മലയാളികളേ സന്തോഷിക്കാൻ വകയുണ്ട്; കേരളത്തിലേക്ക് 28 പ്രതിവാര സര്‍വീസുകൾ, സമ്മര്‍ ഷെഡ്യൂളുമായി എയര്‍ലൈൻ

വ്യാഴാഴ്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. ആകെ 750 അപ്പാര്‍ട്ട്‌മെന്റുകളാണ് കെട്ടിടത്തിലുള്ളത്. തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് 44 പേരെയായിരുന്നു ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 27 പേര്‍ ചികിത്സകള്‍ക്ക് ശേഷം ആശുപത്രി വിട്ടു. അഞ്ച് പേരാണ് മരിച്ചത്. 

രാത്രി 10.50 മണിയോടെ വിവരം അറിഞ്ഞ ഉടൻ  എമര്‍ജന്‍സി സംഘങ്ങൾ സ്ഥലത്തെതതിയതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇൻ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അൽ ഷംസി പറഞ്ഞു. താമസക്കാരെ അതിവേഗം കെട്ടിടത്തിൽ നിന്നൊഴിപ്പിച്ച് താത്കാലിക താമസസ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എമിറേറ്റ്സ് റെഡ് ക്രസന്‍റിൻറെ സഹായത്തോടെയായിരുന്നു ഇത്. കുട്ടികളടക്കം 156  പേരെ ഒരു ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചു.

അതേസമയം തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി  ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ ആഫ്രിക്കൻ സ്വദേശി മരണപ്പെട്ടിരുന്നു. 18-ാമത്തെയും 26-ാമത്തെയും നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. 

(ചിത്രം- മൈക്കിള്‍ സത്യദാസ്, സംറീന്‍ ബാനു)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

Follow Us:
Download App:
  • android
  • ios