വ്യാഴാഴ്ച ബ്ലൂംബെര്‍ഗാണ് ചില സ്രോതസുകളെ ഉദ്ധരിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രണ്ട് കമ്പനികളും ലയിച്ച് ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി മാറാനൊരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത.

ദുബായ്: യുഎഇയിലെ രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ലയിക്കുന്നെന്ന് വാര്‍ത്തകള്‍. വ്യാഴാഴ്ച ബ്ലൂംബെര്‍ഗാണ് ചില സ്രോതസുകളെ ഉദ്ധരിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രണ്ട് കമ്പനികളും ലയിച്ച് ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി മാറാനൊരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച എമിറേറ്റ്സ് വക്താവ് ഇതില്‍ അല്‍പം പോലും യാഥാര്‍ത്ഥ്യമില്ലെന്നും വെറും ഊഹം മാത്രമാണെന്നുമാണ് അറിയിച്ചത്. ഇത്തിഹാദിന്റെ പ്രതികരണവും സമാനമായിരുന്നു. ദുബായ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലാണ് എമിറേറ്റ്സ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അതുപോലെ അബുദാബി ഭരണകൂടമാണ് ഇത്തിഹാദിന്റെ ഉടമസ്ഥര്‍. അതിവേഗം വളര്‍ന്ന് പന്തലിച്ച ഇരുകമ്പനികളും എയര്‍ലൈന്‍ മേഖലയിലെ കടുത്ത മത്സരത്തിന്റെ ഫലമായി കഴിഞ്ഞ രണ്ട് വര്‍ഷമായി വിപണിയില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

പരസ്‍പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഇരു കമ്പനികളും മാസങ്ങള്‍ക്ക് മുന്‍പ് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതനുസരിച്ച് ഇത്തിഹാദിലെ പൈലറ്റുമാര്‍ക്ക് രണ്ട് വര്‍ഷം വരെ താല്‍ക്കാലികമായി എമിറേറ്റ്സില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നാല്‍ ലയന സാധ്യത അപ്പോള്‍ തന്നെ എമിറേറ്റ്സ് ഗ്രൂപ്പ് സിഇഒ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം തള്ളിക്കളഞ്ഞിരുന്നു.