കാന്തപുരത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നു എന്നായിരുന്നു കെ എ പോളിന്‍റെ വീഡിയോയില്‍ പറയുന്നത്. നിമിഷപ്രിയയുടെ മകൾക്കൊപ്പമായിരുന്നു കെ എ പോളിന്‍റെ വീഡിയോ.
യെമന്‍: നിമിഷ പ്രിയ കേസില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തോട് മാപ്പാപേക്ഷിച്ച് ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോൾ. കാന്തപുരത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നു എന്നായിരുന്നു കെ എ പോളിന്‍റെ വീഡിയോയില്‍ പറയുന്നത്. തലാൽ കുടുംബത്തിന്റെ നിബന്ധനകൾ നിറവേറ്റാൻ താൻ തയാറാണെന്നും കെ എ പോള്‍ വീഡിയോയില്‍ പറയുന്നു. നിമിഷപ്രിയയുടെ മകൾക്കൊപ്പമായിരുന്നു കെ എ പോളിന്‍റെ വീഡിയോ.
നിമിഷ പ്രിയയുടെ മോചനത്തിനായി പലരും ഇടപെടുന്നുണ്ടെന്നത് വസ്തുതയാണ്. ഇവർക്കിടയിൽ പരസ്പരം അവകാശവാദ തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് പരസ്പരം ആക്രമിക്കുന്നതിലേക്ക് എത്തിയിരുന്നില്ല. എന്നാൽ കെ എ പോളിന്റെ പുതിയ വീഡിയോ കാന്തപുരത്തെ വ്യക്തിപരമായി പരാമർശിക്കുന്നതാണ്. നിമിഷ ജയിലിൽ തുടരുകയാണെങ്കിൽ അതിന് കാരണം കാന്തപുരം നടത്തിയ പ്രസ്താവനകളായിരിക്കും എന്നാണ് കെ എ പോളിന്റെ പുതിയ വാദം.
അതേസമയം, യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദയാധനം അംഗീകരിക്കുന്നതിൽ കൊല്ലപ്പെട്ട യെമനി പൗരൻറെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിർണ്ണായകമാകും. വധശിക്ഷ 16ന് നടപ്പാക്കാനാണ് നിലവിലെ തീരുമാനമെന്ന വിവരം സനയിലെ ഇന്ത്യൻ അധികൃതർക്കും കിട്ടി.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

