റിയാദ്: നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സ്വന്തം നാടുകളിലേക്ക് പണമയച്ച ഒന്‍പത് പ്രവാസികളെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തു. സ്വദേശികളായ സൗദി പൗരന്മാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്ക് അക്കൗകള്‍ വഴിയാണ് ഇവര്‍ പണം അയച്ചത്. ഇതിന് പ്രതിഫലമായി സൗദി പൗരന്മാര്‍ക്ക് പണവും നല്‍കിയിരുന്നുവെന്ന് റിയാദ് പൊലീസ് വക്താവിനെ ഉദ്ധരിത്ത് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മൂന്ന് സിറിയക്കാരും ഒരു യെമനി പൗരനും ഒരു പാകിസ്ഥാനിയും ഒരു തുര്‍ക്കിക്കാരനുമാണ് പിടിയിലായത്. എല്ലാവരും 30നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ നിന്ന് പത്ത് ലക്ഷത്തിലധികം റിയാല്‍ പിടിച്ചെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

അനധികൃതമായി പണം അയക്കുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടികളാണ് സൗദി അധികൃതര്‍ സ്വീകരിക്കുന്നത്. 500 ദശലക്ഷത്തിലധികം റിയാല്‍ വിദേശത്തേക്ക് അയച്ച മറ്റൊരു സംഘത്തെയും കഴിഞ്ഞ മാസം രാജ്യത്ത് പിടികൂടിയിരുന്നു.