റിയാദ്: ജിദ്ദയിൽ നിന്നും റിയാദിലേക്ക് ഒമ്പതിനായിരം കിലോമീറ്റർ ദൂരത്തിലൊരു കാറോട്ട മത്സരം. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കാറോട്ട മത്സരമായ ’ദാക്കര്‍ റാലി’യുടെ ഭാഗമാണ് ഈ മത്സരം. മലകൾ കയറിയിറങ്ങിയും മരുഭൂമിയുടെ ദുർഘടപാതകൾ തരണം ചെയ്തും നടക്കേണ്ട കാറോട്ടത്തിന് ട്രാക്കുകൾ ഒരുങ്ങിക്കഴിഞ്ഞു.

ജനുവരി അഞ്ചിന് ജിദ്ദയിൽ നിന്ന് തുടങ്ങുന്ന മത്സരം 17ന് റിയാദിലെത്തിയാണ് സമാപിക്കുക. 9000 കിലോമീറ്ററാണ് ട്രാക്കിന്‍റെ ആകെ ദൂരം. 250 മീറ്റര്‍ വരെ ഉയരത്തിലുള്ള മണല്‍ കുന്നുകളും മലകളും പാറകൾ വീണുകിടക്കുന്ന വഴികളും നിറഞ്ഞതാണ് ഈ ട്രാക്ക് ദൂരം. 12 ദിവസം കൊണ്ടാണ് ഈ ദുർഘടത താണ്ടി ലക്ഷ്യം സ്ഥാനം തൊടേണ്ടത്. 12 ഘട്ടങ്ങളായി മത്സരം നടക്കും.

സൗദിയിൽ മാത്രമല്ല മധ്യേഷ്യയിൽ തന്നെ ആദ്യമായാണ് ദാക്കര്‍ മോട്ടോര്‍ റാലി നടക്കുന്നത്. 1977ലാണ് ലോകത്താദ്യമായി ദാക്കർ മോട്ടോർ റാലിക്ക് തുടക്കം കുറിക്കുന്നത്. ആദ്യ റാലി പാരിസില്‍‌ നിന്നും സഹാറ മരുഭൂമി വഴി സെനഗലിലേക്കായിരുന്നു.