Asianet News MalayalamAsianet News Malayalam

ചോരയൊലിക്കുന്ന കണ്ണുകളുമായി ഇന്ത്യക്കാരിയുടെ വീഡിയോ; ഭര്‍ത്താവിന് യുഎഇയില്‍ ജാമ്യം നിഷേധിച്ചു

വീഡിയോ ശ്രദ്ധയില്‍പെട്ട ഉടനെ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ പൊലീസ് ഭര്‍ത്താവ് മുഹമ്മദ് ഖിസറുള്ളയെ കസ്റ്റഡിയിലെടുക്കുകയും ജാസ്മിനെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

No bail for husband of abuse victim in viral Twitter video
Author
Sharjah - United Arab Emirates, First Published Nov 23, 2019, 11:45 AM IST

ഷാര്‍ജ: ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചതിന് ഷാര്‍ജ പൊലീസിന്റെ പിടിയിലായ ഇന്ത്യക്കാരന് പ്രോസിക്യൂഷന്‍ ജാമ്യം നിഷേധിച്ചു. ഭര്‍ത്താവിന്റെ ഉപദ്രവത്തില്‍ ഗുരുതരമായി പരിക്കേറ്റ 33 വയസുകാരി ജാസ്‍മിന്‍ സുല്‍ത്താന ട്വിറ്ററിലൂടെ തന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കണ്ണുകളില്‍ നിന്ന് ചോരയൊലിക്കുന്ന നിലയിലായിരുന്നു സഹായം തേടിയുള്ള ജാസ്‍മിന്റെ വീഡിയോ.

വീഡിയോ ശ്രദ്ധയില്‍പെട്ട ഉടനെ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ പൊലീസ് ഭര്‍ത്താവ് മുഹമ്മദ് ഖിസറുള്ളയെ കസ്റ്റഡിയിലെടുക്കുകയും ജാസ്മിനെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉപദ്രവത്തിന്റെ ഫലമായി ജാസ്മിന് പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടും സ്ഥിരീകരിച്ചത്. ഇതോടെയാണ് ഭര്‍ത്താവിന് പ്രോസിക്യൂഷന്‍ ജാമ്യം നിഷേധിച്ചത്. അന്വേഷണത്തിനായി പൊലീസ് കേസ് ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

ബംഗളുരു സ്വദേശിയായ ജാസ്‍മിന്‍ സുല്‍ത്താന എന്ന 33കാരിയാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് കാണിച്ച് ട്വിറ്ററിലൂടെ സഹായം തേടിയത്. താന്‍ ബംഗളുരു സ്വദേശിയാണെന്നും അഞ്ച് വയസും 17 മാസവും പ്രായമുള്ള രണ്ട് മക്കള്‍ക്കൊപ്പം ഷാര്‍ജയില്‍ താമസിക്കുകയാണെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു. അയാള്‍ക്കൊപ്പം ഇനി ജീവിക്കാനാവില്ല. തന്നെ മക്കള്‍ക്കൊപ്പം നാട്ടിലേക്ക് പോകാന്‍ സഹായിക്കണം-യുവതി പറഞ്ഞു. മുഖം നീരുവന്ന് വീര്‍ത്ത നിലയിലും കണ്ണില്‍ നിന്ന് ചോരയൊലിക്കുന്ന നിലയിലുമായിരുന്നു യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധിപ്പേര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ യുഎഇ അധികൃതരെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെയും മന്ത്രിമാരെയും ടാഗ് ചെയ്തിരുന്നു. സംഭവത്തില്‍ ഉടന്‍ ഇടപെട്ട ഷാര്‍ജ പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടിട്ടു.

തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി യുവതി, പിന്നീട് പറഞ്ഞു. ഭര്‍ത്താവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലായതുകൊണ്ട് ആശ്വാസം തോന്നുന്നു. വിവാഹശേഷം ഇത്രയും നാള്‍ പീഡനം സഹിക്കുകയായിരുന്നു. ഇനിയും അത് തുടരാന്‍ ആവില്ലെന്ന് ജാസ്മിന്‍ പറഞ്ഞു. ഞായറാഴ്ച രാത്രി ക്രൂരമായി തന്നെ ഉപദ്രവിച്ചു. കണ്ണുകളില്‍ ഇടിക്കുകയും കൈ പിടിച്ച്തിരിക്കുകയും ചെയ്തു. നട്ടെല്ലിലും കഴുത്തിലും തലയിലും മര്‍ദിച്ചു. മരിച്ചുപോകുമെന്നുപോലും തോന്നി. ഇനിയും സഹിക്കാനാവാത്തതുകൊണ്ടാണ് ഇത് പരസ്യമാക്കിയതെന്നും അവര്‍ പറഞ്ഞു. കേസില്‍ അധികൃതര്‍ ഇടപെട്ടിട്ടുണ്ടെന്നും സമൂഹത്തില്‍ ഭീതി ജനിപ്പിക്കുമെന്നതിനാല്‍ യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇനി ആരും ഷെയര്‍ ചെയ്യരുതെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു. 

എച്ച്.ആര്‍ പ്രൊഫഷണലായ ജാസ്‍മിന്‍നും എച്ച്.ആര്‍ മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന മുഹമ്മദ് ഖിസറുള്ളയും തമ്മിലുള്ള വിവാഹം  2013ലായിരുന്നു. ജാസ്മിന്റെ രണ്ടാം വിവാഹമായിരുന്നു. ഇക്കാര്യം പറഞ്ഞും തന്റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് ഉപദ്രവിക്കുമായിരുന്നുവെന്നും താന്‍ എല്ലാം സഹിച്ച് സഹകരിച്ച് വരികയായിരുന്നുവെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്. തന്റെ അച്ഛന്‍ നല്‍കിയ ആഭരണങ്ങളെല്ലാം ഭര്‍ത്താവ് പിടിച്ചുവാങ്ങി. പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ ജാസ്മിന്റെ വീട്ടുകാര്‍ പലതവണ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല.

ഞായറാഴ്ച രാത്രി കുട്ടികള്‍ക്ക് മുന്നില്‍വെച്ച് തന്നെ ക്രൂരമായി മര്‍ദിച്ചു. കുട്ടികള്‍ ഭയന്ന് നിലവിളിച്ചു. രക്ഷപെടാതിരിക്കാന്‍ വീടിന്റെ വാതിലുകള്‍ അടച്ചായിരുന്നു മര്‍ദനം. ഫോണ്‍ കണക്ഷന്‍ വിച്ഛേദിച്ചു. എന്നാല്‍ മൊബൈല്‍ ഫോണ്‍ തന്റെ പക്കല്‍ തന്നെയുണ്ടായിരുന്നു. മര്‍ദനത്തിന് ശേഷം അഞ്ച് വയസുള്ള മകന്‍ കരച്ചില്‍ നിര്‍ത്താതെ വന്നപ്പോഴാണ് തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് സമ്മതിച്ചത്. അജ്മാനിലെ ആശുപത്രിയിലാണ് കൊണ്ടുപോയത്. ഒന്നും പറയരുതെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും അത് അനുസരിക്കാതെ താന്‍ ഡോക്ടറോട് എല്ലാം പറഞ്ഞു.  ആശുപത്രി അധികൃതര്‍ ഷാര്‍ജ പൊലീസിനെ വിവരമറിയിച്ചു. മൊഴിയെടുക്കാന്‍ പിറ്റേദിവസം വരണമെന്നായിരുന്നു അറിയിച്ചത്.

പിന്നാലെ അയല്‍വാസിയുടെ വീട്ടിന് മുന്നിലെത്തിയപ്പോള്‍ ഛര്‍ദിച്ച് താന്‍ നിലത്തുവീണു. അവര്‍ ആംബുലന്‍സ് വിളിച്ച് അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വിദ്യാസമ്പന്നയായ തനിക്ക് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞാല്‍ കുട്ടികളെ സംരക്ഷിക്കാനാവുമെന്നും ജാസ്‍മിന്‍ മാധ്യമങ്ങളോട് പറ‌ഞ്ഞു. 

Follow Us:
Download App:
  • android
  • ios