റിയാദ്​: സൗദി അറേബ്യയില്‍ കോറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോറോണ ബാധയേറ്റതായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണം ശക്തമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്. രാജ്യത്തെ ഭീതിയിലാഴ്ത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ്​ നൽകി.

രാജ്യത്ത് കോറോണ ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍റബീഅ്​ നേരത്തെ വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം കൊടുമ്പിരികൊണ്ട സാഹചര്യത്തിലാണ്​ മന്ത്രാലയം വീണ്ടും പ്രസ്​താവനയിറക്കിയത്​. രാജ്യം കോറോണക്കെതിരെ ശക്തമായ മുന്‍കരുതലാണ്​ സ്വീകരിച്ചിരിക്കുന്നത്​. വൈറസ്​ വ്യാപനത്തിന്​ ഒരു പഴുതും അനുവദിക്കാത്ത വിധം ശക്തമാണ്​ കരുതൽ നടപടികൾ. വൈറസ് വ്യാപനം നടന്ന ചൈനയില്‍ നിന്ന്​ ഇങ്ങോട്ടുള്ള മുഴുവന്‍ ഗതാഗത മാര്‍ഗങ്ങളിലും കർശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്​. രോഗബാധയുമായി രാജ്യ​ത്തേക്ക് ആരും​ കടക്കുന്നില്ല എന്ന്​ നിരീക്ഷിച്ച്​ ഉറപ്പുവരുത്തുകയും ചെയ്യുന്നു.