കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളെ നിരീക്ഷിക്കാനും സംശയാസ്പദമായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യ വിഭാഗത്തില്‍ അറിയിക്കാനും രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ദോഹ: ഖത്തറില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയതായി മന്ത്രാലയം അറിയിച്ചു. 

കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളെ നിരീക്ഷിക്കാനും സംശയാസ്പദമായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യ വിഭാഗത്തില്‍ അറിയിക്കാനും രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം യുഎഇയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തു. പശ്ചിമാഫ്രിക്കയിൽ നിന്നും എത്തിയ 29-കാരിയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വൈദ്യസഹായം നൽകി വരികയാണെന്നും ദുബായ് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. രോ​ഗിയുമായി സമ്പ‍ർക്കത്തിൽ വന്നവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും അധികൃത‍‍ർ പറഞ്ഞു. അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടർന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാ​ഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. 

പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും കുരങ്ങുപനി സംബന്ധിച്ച തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും ഔദ്യോ​ഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും ആരോ​ഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മെയ് 24 വരെ 240 കുരങ്ങുപ്പനി കേസുകൾ റിപ്പോ‍ർട്ട് ചെയ്തുവെന്നാണ് ലോകാരോ​ഗ്യസംഘടന അറിയിച്ചിട്ടുള്ളത്. 

കുരങ്ങുപനി പ്രധാനമായും മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കാണപ്പെടുന്നുന്നതെന്നും ഇടയ്ക്കിടെ മറ്റ് പ്രദേശങ്ങളിലേക്ക് പടരുമെന്നും യുഎഇ ആരോഗ്യ അധികൃതർ വിശദീകരിക്കുന്നു. രോഗം ബാധിച്ച വ്യക്തിയുമായോ മൃഗവുമായോ അല്ലെങ്കിൽ വൈറസ് ബാധിച്ച വസ്തുക്കളുമായോ അടുത്തിടപഴകുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്.

മുറിവുകൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള മലിനമായ വസ്തുക്കൾ എന്നിവയുമായി അടുത്ത സമ്പർക്കം വഴി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. അപൂ‍ർവ്വം സാഹചര്യങ്ങളിൽ രോ​ഗം ​ഗുരുതരമായി മാറാൻ സാധ്യതയുണ്ട്. ഏഴ് മുതൽ 14 ദിവസം വരെയാണ് കുരങ്ങുപ്പനിയുടെ നിരീക്ഷണകാലയളവ്.