അബുദാബി: യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളില്‍ സൗദി സഖ്യസേനയോടൊപ്പം തുടരുമെന്ന് യുഎഇ അറിയിച്ചു. സൈന്യത്തെ പുനര്‍വിന്യസിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും യുഎഇ വ്യക്തമാക്കി. 

യമനിലെ പ്രശ്ന പരിഹാരത്തിനുള്ള രാഷ്ട്രീയ നീക്കങ്ങളെ തുടര്‍ന്നും പിന്‍തുണയ്ക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.  എന്നാല്‍ യമനിലെ ചില ഭാഗങ്ങളില്‍ സൈനിക സാന്നിദ്ധ്യം കുറച്ചത് തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാണ്. അഞ്ച് വര്‍ഷമായി യമനില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനായി പ്രയത്നിക്കുന്ന സൗദി സഖ്യസേനയുടെ ഭാഗമാണ് യുഎഇ. അല്‍ ഖാഇദ, ഇസ്ലാമിക് സേറ്റ് തുടങ്ങിയ തീവ്രവാദ സംഘടനകളുമായുള്ള പോരാട്ടത്തില്‍ സഖ്യസേന വിജയം കാണുകയാണ്. ഭീകരര്‍ക്ക് പണവും വിഭവങ്ങളും എത്തുന്നത് തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. യമന്‍ ഭരണകൂടവുമായി ചര്‍ച്ച ചെയ്താണ് സൈനിക വിന്യാസം.  മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ അറബ് ലോകത്ത് തങ്ങളെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നുണ്ടെന്നും യുഎഇ അധികൃതര്‍ ആരോപിച്ചു.