മസ്‍കത്ത്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഈ മാസം 27 മുതല്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വൈറസിന്റെ പുതിയ മാറ്റം കൂടുതല്‍ അപകടകാരിയാണെന്ന സൂചനയില്ലെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സൗദി അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. ഭാവിയില്‍ ഏതെങ്കിലും തലത്തില്‍ അടച്ചിടല്‍ നടപടികള്‍ക്ക് സുപ്രീം കമ്മിറ്റി തീരുമാനമെടുത്താല്‍ ഇത് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാകുമെന്നും മന്ത്രി ഒമാന്‍ ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം ഒമാനില്‍ ഈ മാസം 27 മുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണം  ആരംഭിക്കും. 15,000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തില്‍ രാജ്യത്ത് എത്തുന്നത്. ആരോഗ്യ മന്ത്രി ആദ്യ ഡോസ് സ്വീകരിക്കും. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്‌സിനായിരിക്കും ഒമാനില്‍ വിതരണം ചെയ്യുന്നത്. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാള്‍ക്ക് നല്‍കും. അടുത്ത ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.