കുവൈത്ത് സിറ്റി: ജനസംഖ്യാ അനുപാതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൂടുതല്‍ നടപടികളുമായി കുവൈത്ത്. കുടുംബ വിസയില്‍ രാജ്യത്ത് കഴിയുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവര്‍ നടപ്പാക്കാനൊരുങ്ങുകയാണെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പഠനം തുടരുന്നില്ലെങ്കില്‍ രാജ്യം വിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് മാന്‍പവര്‍ അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും പുതിയ നിയമങ്ങള്‍ കൊണ്ടുവരും. നേരത്തെ പ്രവാസികളുടെ ആശ്രിതര്‍ക്ക് 21 വയസുവരെ രാജ്യത്ത് തുടരാനുള്ള അനുമതിയുണ്ടായിരുന്നു. ഇത് 18 വയസായി കുറയ്ക്കാനാണ് നീക്കം. കുവൈത്തിലോ പുറത്തോ പഠിക്കുന്നവരല്ലാതെ ആശ്രിത വിസയില്‍ തുടരുന്നവര്‍ 18 വയസ് പൂര്‍ത്തിയാകുന്നതോടെ രാജ്യം വിടേണ്ടിവരും.