തങ്ങളുടെ പങ്കാളിയായ അമേരിക്കയും അയല്‍ക്കാരായ ഇറാനും തമ്മില്‍ സംഘര്‍ഷമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ തങ്ങള്‍ ഒരു യുദ്ധം മുന്നില്‍ കാണുന്നില്ലെന്നും യുഎഇ ഊര്‍ജ-വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു. 

അബുദാബി: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതിന് ശേഷവും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്തിന് ഭീഷണിയില്ലെന്ന് യുഎഇ ഊര്‍ജ-വ്യവസായ വകുപ്പ് മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്റൂഇ പറഞ്ഞു. ഇപ്പോള്‍ യുദ്ധ സാഹചര്യമില്ലെന്നും നിലവില്‍ നടക്കുന്ന സംഭവവികാസങ്ങളെ പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്നും അബുദാബിയില്‍ നടന്ന ഒരു സമ്മേളനത്തിനിടെ സുഹൈല്‍ ബിന്‍ മുഹമ്മദ് പറഞ്ഞു.

തങ്ങളുടെ പങ്കാളിയായ അമേരിക്കയും അയല്‍ക്കാരായ ഇറാനും തമ്മില്‍ സംഘര്‍ഷമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ തങ്ങള്‍ ഒരു യുദ്ധം മുന്നില്‍ കാണുന്നില്ലെന്നും യുഎഇ ഊര്‍ജ-വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു. എണ്ണ വിപണിയിലെ വിതരണത്തിന് തടസം നേരിടുന്ന സ്ഥിതിവിശേഷമില്ല. എണ്ണ പ്രതിസന്ധി നേരിടുന്നപക്ഷം പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്രതികരിക്കും, എന്നാല്‍ അതിനും പരിമിതികളുണ്ട്. കരുതല്‍ സംഭരണം കൊണ്ട് വിതരണ അളവിനെ മറികടക്കാനാവില്ല. എന്നാല്‍ നിലവില്‍ സാഹചര്യത്തില്‍ ഭീകരമായ മാറ്റമുണ്ടാവാത്തിടത്തോളം എണ്ണ വിപണിയില്‍ പ്രതിസന്ധിയുണ്ടാവേണ്ട ഒരു സാഹചര്യവും താന്‍ മുന്നില്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.