റോഡിലെ അപകടങ്ങള്‍ കുറയ്ക്കാനും റോഡിലെ സുരക്ഷയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇതോടെ വേഗപരിധി മാറുമെന്നതിനേക്കാള്‍ ഒരു കിലോമീറ്റര്‍ അധിക വേഗതയ്ക്ക് പോലും പിഴ ലഭിക്കുമെന്നതാണ് പ്രധാന കാര്യം. 

അബുദാബി: അബുദാബിയിലെ റോഡുകളില്‍ ഇന്നുമുതല്‍ പുതിയ വേഗത നിയന്ത്രണം നിലവില്‍ വന്നു. റോഡികളിലെ പരമാവധി വേഗ പരിധി പുതുക്കി നിശ്ചയിച്ചതിനൊപ്പം നിലവിലുണ്ടായിരുന്ന 20 കിലോമീറ്റര്‍ ബഫര്‍ എടുത്തുകളഞ്ഞിട്ടുമുണ്ട്.

റോഡിലെ അപകടങ്ങള്‍ കുറയ്ക്കാനും റോഡിലെ സുരക്ഷയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇതോടെ വേഗപരിധി മാറുമെന്നതിനേക്കാള്‍ ഒരു കിലോമീറ്റര്‍ അധിക വേഗതയ്ക്ക് പോലും പിഴ ലഭിക്കുമെന്നതാണ് പ്രധാന കാര്യം. 

നേരത്തെ അബുദാബിയിലെ റോഡുകളില്‍ 20 കിലോമീറ്റര്‍ ബഫര്‍ സ്പീഡ് അനുവദിക്കാറുണ്ട്. അതായത് റോഡുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പരമാവധി വേഗതയേക്കാള്‍ 20 കിലോമീറ്റര്‍ വരെ അധിക വേഗതയുണ്ടെങ്കിലും പിഴ ശിക്ഷ ലഭിക്കുമായിരുന്നില്ല. ഈ സൗകര്യമാണ് ഒഴിവാക്കിയത്. ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അബുദാബി പൊലീസിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. 

120 കിലോമീറ്റര്‍ വേഗത അനുവദിച്ചിരിക്കുന്ന റോഡില്‍ വാഹനം 121 കിലോമീറ്ററായാല്‍ പോലും 1000 ദിര്‍ഹം പിഴ ശിക്ഷ ലഭിക്കും. പുതിയ വേഗത അറിയിക്കുന്ന ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. അറബികും ഇംഗ്ലീഷിനും പുറമെ ഫിലിപ്പിനോ, മലയാളം ഭാഷകളിലും അബുദാബി പൊലീസ് സോഷ്യല്‍ മീഡിയ വഴി ബോധവത്കരണ ക്യാമ്പയിന്‍ നടത്തുന്നുണ്ട്.