ശൈത്യകാല ക്യാമ്പിംഗ് സീസണിനോട് അനുബന്ധിച്ച് സീലൈനിലെ ഭക്ഷണശാലകളിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച്‌ ഖത്തർ. നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുകയോ സേവനങ്ങളിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ഉപഭോക്താക്കൾക്ക് മന്ത്രാലയത്തെ നേരിട്ട് അറിയിക്കാം

ദോഹ: ശൈത്യകാല ക്യാമ്പിംഗ് സീസണിനോടനുബന്ധിച്ച് സീലൈൻ മേഖലയിലെ റെസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണസാധനങ്ങളുടെ വില കുറയ്ക്കുന്നതിനായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) പ്രത്യേക പദ്ധതിക്ക്‌ തുടക്കം കുറിച്ചു. 2025–2026 വർഷത്തെ ക്യാമ്പിംഗ് സീസൺ കണക്കിലെടുത്ത്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ ജനക്ഷേമ പദ്ധതി നടപ്പിലാക്കുന്നത്. ക്യാമ്പ് ചെയ്യുന്നവർക്കും സന്ദർശകർക്കും മിതമായ നിരക്കിൽ ഭക്ഷണവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി 2026 ഏപ്രിൽ 15 വരെ തുടരും.

ഈ സംരംഭത്തിന്‍റെ ഭാഗമായി സീലൈനിലെ തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും കഫേകളിലും ഉപഭോക്താക്കൾക്ക് 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. പദ്ധതിയിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങളെ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനായി അവയുടെ മുൻവശത്ത് പദ്ധതിയുടെ ഔദ്യോഗിക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടാകും. '2025–2026 ക്യാമ്പിംഗ് സീസണിലെ കുറഞ്ഞ സേവന നിരക്ക് പദ്ധതിയിൽ പങ്കാളി' എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കറുകൾ ഉള്ള കടകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.

ക്യാമ്പർമാർക്ക് മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണവും സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം അമിതവില ഈടാക്കുന്നത് തടയുകയും സീലൈൻ മേഖലയിലെ വിനോദസഞ്ചാരവും വാണിജ്യ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം പ്രധാനമായും ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിലെ ക്വാളിറ്റി ലൈസൻസ് ആൻഡ് മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഈ സ്ഥാപനങ്ങൾക്ക് താൽക്കാലിക വിലവിവരപ്പട്ടികകൾ നൽകുകയും നിരക്കുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തര പരിശോധനകൾ നടത്തുകയും ചെയ്യും.

നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുകയോ സേവനങ്ങളിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ഉപഭോക്താക്കൾക്ക് മന്ത്രാലയത്തെ നേരിട്ട് അറിയിക്കാം. പരാതികൾ സമർപ്പിക്കാനോ കൂടുതൽ വിവരങ്ങൾ അറിയാനോ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 16001 വഴിയോ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ ബന്ധപ്പെടാവുന്നതാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.