റിയാദ്: സൗദി അറേബ്യയിൽ നിലവിൽ കൊവിഡ് 19 ബാധിച്ച അഞ്ചു പേരുടെയും ചികിത്സ തുടരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച പകലുമായി രോഗം സ്ഥിരീകരിച്ച നാലുപേരും ചികിത്സയിൽ തന്നെയാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവർ നിരീക്ഷണത്തിലാണ്. സ്രവങ്ങൾ എടുത്ത് പരിശോധിക്കുന്നുണ്ട്.

അതേസമയം വ്യാഴാഴ്ചക്ക് ശേഷം പുതിയ കൊവിഡ് 19 കേസുകളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാനിൽ പോയി വന്നവരിൽ മാത്രമേ രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളൂ. നാലുപേർക്ക് ഇറാനിൽ നിന്ന് നേരിട്ടും അതിലൊരാളുടെ ഭാര്യയ്ക്ക് അയാളിൽ നിന്നും രോഗം പകരുകയായിരുന്നു. ഈ അഞ്ചുപേരും സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണുള്ളത്. ഇവർ ഇവിടുത്തുകാരാണ്. മൂന്നു പേര്‍ ഒരുമിച്ചാണ് ഇറാനില്‍ നിന്നും ബഹ്റൈന്‍ വഴി സൗദിയിലെത്തിയത്. മറ്റൊരാള്‍ ഇറാനില്‍ നിന്ന് കുവൈത്ത് വഴിയും. ഇയാളുടെ ഭാര്യക്ക് ഇയാളില്‍ നിന്നാണ് കൊവിഡ് 19 പകര്‍ന്നത്. അഞ്ചുപേരുടേയും നില ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സ്രാവ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇവരുടെ നിരീക്ഷണം തുടരും.

രോഗം സ്ഥിരീകരിക്കപ്പെട്ടവർ ഇറാനിൽ പോയ കാര്യം ആദ്യം മറച്ചുവെച്ചിരുന്നു. അത് രോഗനിർണയത്തിനും ചികിത്സക്കും കാലതാമസമുണ്ടാക്കി. ഇനി അതുണ്ടാവരുത്. കഴിഞ്ഞ 14 ദിവസത്തിനിടെ ഇറാനിൽ പോയി വന്നവരുണ്ടെങ്കിൽ അക്കാര്യം മറച്ചുവെക്കരുതെന്നും എത്രയും വേഗം 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്താണെങ്കിൽ +966920005937 എന്ന നമ്പറിൽ വിളിക്കണം. പുറത്തുപോയി വന്നവരെയെല്ലാം ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനം രാജ്യത്തുടനീളം ശക്തമാക്കിയിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.