അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 490 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. അതേ സമയം ഇന്ന് രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാജ്യത്ത് ഇതുവരെ 72,766 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 63,158 പേര്‍ ഇതിനോടകം രോഗമുക്തരായി. 387 കൊവിഡ് മരണങ്ങളാണ് യുഎഇയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 9,221 രോഗികള്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,935 കൊവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 72 ലക്ഷത്തിലധികം പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. വ്യാപക പരിശോധനകള്‍ നടത്തി പരമാവധി രോഗികളെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

അടുത്തിടെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പ്രത്യേക ഹോട്ട് സ്‍പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുകയാണ് അധികൃതര്‍. രാജ്യവ്യാപകമായ നിയന്ത്രണങ്ങള്‍ക്ക് പകരം ഇത്തരം ഹോട്ട് സ്‍പോട്ടുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇനി രോഗ പ്രതിരോധം. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങേണ്ടിവരുമെന്ന സൂചനയും നല്‍കുന്നുണ്ട്.