കുവൈത്ത് സിറ്റി: അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് രാജ്യത്തെ പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ രൂപം നല്‍കുകയാണെന്ന് അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

റെസിഡന്‍സി പെര്‍മിറ്റുകളുടെ കാലാവധി കഴിയുന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായപരിധി കഴിയുന്നവരെ വിലക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുകയെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം മുതല്‍ തീരുമാനം നടപ്പാക്കിത്തുടങ്ങുമെന്നും തൊഴില്‍ പെര്‍മിറ്റിന്റേയും തൊഴില്‍ കരാറിന്റെയും കാലാവധി അവസാനിക്കുമ്പോള്‍ അവ പുതുക്കിനല്‍കാതെ സ്വമേധയാ കാലാവധി അവസാനിക്കുന്ന തരത്തിലായിരിക്കും ഇത് നടപ്പാവുകയെന്നും മാന്‍പവര്‍ അതോരിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രേഖകളുടെ കാലാവധി അവസാനിക്കുന്നവര്‍ക്ക് രാജ്യം വിടാന്‍ ഒന്നു മുതല്‍ മൂന്ന് മാസം വരെ സമയം അനുവദിച്ചേക്കും. ഇത് സംബന്ധിച്ച തീരുമാനം ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്സായിരിക്കും കൈക്കൊള്ളുക. ജനസംഖ്യയിലെ അസമത്വം ചൂണ്ടിക്കാട്ടി കുവൈത്തില്‍ പരമാവധി മേഖലകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.