Asianet News MalayalamAsianet News Malayalam

യുഎഇയിലെ പ്രവാസികൾക്ക് ഇനി ഫോൺ പേ ഉപയോഗിച്ച് പണം നൽകാം; ഇടപാടുകൾ ഇന്ത്യൻ രൂപയിൽ, യുഎഇ ഫോൺ നമ്പർ മതി

സങ്കീർണതകളൊന്നുമില്ലാതെ ലളിതമായി യുഎഇയിലും ഫോൺപേ ഉപയോഗിക്കാം. കടകളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാം. ഇടപാടുകൾ ഇന്ത്യൻ കറൻസിയിലായിരിക്കും നടക്കുക. 

non resident indians and visitors in UAE can use upi services of phonepay there trascations will be in INR
Author
First Published Apr 1, 2024, 7:59 PM IST

ദുബൈ: യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും സന്ദര്‍ശനത്തിനായി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകുന്നവ‍ർക്കും ഇനി മുതൽ ഫോൺപേ ആപ്ലിക്കേഷനിലൂടെ യുപിഐ ഇടപാടുകൾ നടത്താം. ഏതാനും ദിവസം മുമ്പ് തന്നെ ഇത് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഇനി മുതൽ കടകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും റസ്റ്റോറന്റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയുമൊക്കെ ക്യൂ.ആർ കോഡുകൾ ഫോൺപേ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം നൽകാൻ സാധിക്കും.

യുഎഇയിലെ പ്രധാന ബാങ്കുകളിലൊന്നായ മശ്‍രിഖിന്റെ നിയോപേ ടെർമിനലുകളിലൂടെയാണ് യുപിഐ ഇടപാടുകൾക്ക് അവിടെ സാധ്യമാവുന്നത്. രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിയോപേ സംവിധാനം ലഭ്യമാണ്. ഇത് സംബന്ധിച്ച് ബാങ്കും ഇന്ത്യയിലെ യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്‍മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഇന്റർനാഷണ‌ൽ പേയ്മെന്റ്സ് ലിമിറ്റഡും (എൻ.ഐ.പി.എൽ) തമ്മിൽ 2021ൽ തന്നെ കരാറായിരുന്നു. ഈ സഹകരണത്തിലെ സാധ്യതയാണ് ഇപ്പോൾ ഫോൺപേ ഉപയോഗപ്പെടുത്തിയത്. മശ്‍രിഖ് ബാങ്കിന്റെ പേയ്മെന്റ് ടെർമിനലുകൾ ഉപയോഗിക്കുന്നതിന് ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണയുണ്ടാക്കുകയായിരുന്നു.

സങ്കീർണതകളൊന്നുമില്ലാതെ ലളിതമായി യുഎഇയിലും ഫോൺപേ ഉപയോഗിക്കാം. കടകളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാം. ഇടപാടുകൾ ഇന്ത്യൻ കറൻസിയിലായിരിക്കും നടക്കുക. സുതാര്യത ഉറപ്പാക്കുന്നതിനായി കറൻസി വിനിമയ നിരക്ക് കൂടി ഇടപാട് നടത്തുമ്പോൾ വ്യക്തമായി കാണിക്കും. പ്രവാസികൾക്ക് തങ്ങളുടെ യുഎഇ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഫോൺപേ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. നിലവിലുള്ള നോൺ റെസിഡന്റ് എക്സ്റ്റേണൽ (എൻ.ആർ.ഇ), നോൺ റെസിഡന്റ് ഓർഡിനറി (എൻ.ആ‍ർ.ഒ) അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം. തുടർന്ന് സാധാരണ പോലെ ഉപയോഗിക്കുകയും ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios