Asianet News MalayalamAsianet News Malayalam

കൊവിഡാനന്തര ആഗോള തൊഴില്‍ സാധ്യതകള്‍ അടുത്തറിയാന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്

തൊഴില്‍ മേഖലയുടെ ഭാവിയും നവനൈപുണ്യവികസനവും, തൊഴില്‍ കുടിയേറ്റം- ഉയരുന്ന പുതിയ വിപണികള്‍, പുതിയ മാര്‍ക്കറ്റുകള്‍:  ജപ്പാനും ജര്‍മനിയും തുടങ്ങിയ സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്. ഓപ്പണ്‍ ഹൗസ്, ചോദ്യോത്തര സെഷന്‍, ഉദ്ഘാട-സമാപന സെഷനുകളും നടക്കും.

norka overseas employers conference on october 12
Author
Thiruvananthapuram, First Published Oct 6, 2021, 6:51 PM IST

തിരുവനന്തപുരം: കൊവിഡാനന്തരം ആഗോള തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 12ന് നടക്കും. നോര്‍ക്ക വകുപ്പ്   സംഘടിപ്പിക്കുന്ന  സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തിലെ തൊഴില്‍ദാതാക്കള്‍, പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സികള്‍, നയതന്ത്ര വിദഗ്ധര്‍, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, എംബസികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ അണിനിരക്കും. ഓണ്‍ലൈനായും തിരുവനന്തപുരത്തു നിയമസഭയുടെ ശങ്കരനാരായണന്‍ തമ്പി ഹാളിലുമായാണ് കോണ്‍ഫറന്‍സ് നടക്കുക. 12 ന് രാവിലെ 11.30 നു മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

തൊഴില്‍ മേഖലയുടെ ഭാവിയും നവനൈപുണ്യവികസനവും, തൊഴില്‍ കുടിയേറ്റം- ഉയരുന്ന പുതിയ വിപണികള്‍, പുതിയ മാര്‍ക്കറ്റുകള്‍:  ജപ്പാനും ജര്‍മനിയും തുടങ്ങിയ സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്. ഓപ്പണ്‍ ഹൗസ്, ചോദ്യോത്തര സെഷന്‍, ഉദ്ഘാട-സമാപന സെഷനുകളും നടക്കും. തൊഴില്‍ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് പരമാവധി സൗകര്യം ഒരുക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങളെയും പരിഹാര മാര്‍ഗങ്ങളെയും കുറിച്ച് ബോധവത്കരിക്കുന്നതിനു കൂടി ഉദ്ദേശിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കോവിഡാനന്തര തൊഴില്‍ സാധ്യതകളെ വിശകലം ചെയ്തുകൊണ്ട് സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ശ്രദ്ധേയ ചുവടുവയ്പ്പായിരിക്കും ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ  (ഫിക്കി) പങ്കാളിത്തത്തോടെയാണ് കോണ്‍ഫറന്‍സ് ഒരുക്കുന്നത്.

ശങ്കരനാരായണന്‍ തമ്പി ഹാളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ക്ഷണിക്കപ്പെട്ടവര്‍ക്കാണ് പ്രവേശനം. ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍
https://registrations.ficci.com/ficoec/online-registrationi.asp എന്ന ലിങ്കില്‍ ആര്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-4058041 / 42, മൊബൈല്‍:  09847198809. ഇ- മെയില്‍ : kesc@ficci.com

 

Follow Us:
Download App:
  • android
  • ios