ആക്രമണത്തില്‍ നിന്ന് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജക്കാണ് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള ജോര്‍ജ് മെഡൽ ലഭിച്ചത്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാപുരസ്കാരമാണ് ജോർജ് മെഡൽ.

ലണ്ടൻ: ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ ആക്രമണത്തില്‍ നിന്ന് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ ഗ്രേസ് ഓ'മാലി കുമാറിന് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള ജോര്‍ജ് മെഡൽ. 2023 ജൂൺ 13നാണ് ഗ്രേസ് കൊല്ലപ്പെടാനിടയായ സംഭവം ഉണ്ടായത്. 

പാരാനോയിഡ് സ്കിസോഫ്രീനിയ ബാധിച്ച വാൽഡോ കലോക്കെയ്ൻ എന്നയാൾ നടത്തിയ ആക്രമണത്തിൽ കുത്തേറ്റ ഗ്രേസ്, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബർണബി വെബ്ബറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ഇരുവർക്കും 19 വയസ്സായിരുന്നു. വാർഷിക പരീക്ഷയ്ക്കു ശേഷം ഗ്രേസും കൂട്ടുകാരൻ ബർണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മാനസിക പ്രശ്നങ്ങളുള്ള കൊലയാളി ചികിത്സയിലാണ്.

ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാപുരസ്കാരമാണ് ജോർജ് മെഡൽ. സിവിലിയൻ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച 20 പേരിൽ ഒരാളും, മരണാനന്തര ബഹുമതി ലഭിച്ച നാലുപേരിൽ ഒരാളുമാണ് ഗ്രേസ്. ബ്രിട്ടനിൽ ഡോക്ടർമാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓ മാലിയുടെയും മകളാണ് ഗ്രേസ്. ഐറിഷ് വംശജയാണ് സിനീദ്.