Asianet News MalayalamAsianet News Malayalam

'വഞ്ചിച്ചത് ഇവര്‍‍'; സാമ്പത്തിക പ്രശ്നങ്ങള്‍ വെളിപ്പെടുത്തി പ്രവാസി വ്യവസായി ബിആർ ഷെട്ടി

എന്‍എംസിയും യുഎഇ എക്‌സ്ചേഞ്ചും വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് അന്വേഷണം നേരിടുന്നതിനിടെ ആദ്യമായാണ് ബി ആര്‍ ഷെട്ടി ഈ വിഷയത്തില്‍ പ്രതികരണം നടത്തുന്നത്.

nri business man b r shettys response in share market fraud
Author
Dubai - United Arab Emirates, First Published Apr 30, 2020, 2:10 PM IST

ദുബായ്: എന്‍എംസി ഹെല്‍ത്ത് കെയറിലും യുഎഇ എക്‌സ്‌ചേഞ്ചിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്ന് തുറന്ന് സമ്മതിച്ച് യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടി. ചെറിയൊരു വിഭാഗം ജീവനക്കാര്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തതാണ് തനിക്കുണ്ടായ ബിസിനസ് പ്രതിസന്ധിക്ക് കാരണമായതെന്ന് ബി ആര്‍ ഷെട്ടി പ്രസ്താവനയില്‍ അറിയിച്ചു. 

എന്‍എംസിയും യുഎഇ എക്‌സ്ചേഞ്ചും വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് അന്വേഷണം നേരിടുന്നതിനിടെ ആദ്യമായാണ് ബി ആര്‍ ഷെട്ടി ഈ വിഷയത്തില്‍ പ്രതികരണം നടത്തുന്നത്. ഇപ്പോഴുള്ളവരും മുമ്പ് ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പ് നടത്തി തന്നെ വഞ്ചിച്ചതെന്നും താന്‍ നിയോഗിച്ച അന്വേഷണ സംഘം ചതി കണ്ടെത്തുകയായിരുന്നെന്നും ഷെട്ടി പറഞ്ഞു. ഈ ചെക്കുകള്‍ ഉപയോഗിച്ച് അവര്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പല സാമ്പത്തിക ഇടപാടുകളും നടത്തി. വ്യാജ ഒപ്പിട്ട് എടുത്ത വായ്പകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നും വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്‌തെന്നും ഷെട്ടി പറഞ്ഞു. കുടുംബപരമായ ആവശ്യങ്ങള്‍ക്കായാണ് ഇന്ത്യയില്‍ തുടരുന്നതെന്നും ബി ആര്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു. 

അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുമായി രാജ്യം വിട്ടതോടെ എന്‍എംസി, യുഎഇ എക്സ്ചേഞ്ച് സ്ഥാപകന്‍ ബിആര്‍ ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെൻട്രൽ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഷെട്ടിക്കോ കുടുംബത്തിനോ നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും  പരിശോധനയ്ക്ക് വിധേയമാക്കാനുമായിരുന്നു നിര്‍ദ്ദേശം.

എന്‍എംസി ഹെല്‍ത്ത് കെയറിലെ ഓഹരിതട്ടിപ്പില്‍ തുടങ്ങിയ പ്രശ്നങ്ങളാണ് വ്യവസായി ബിആര്‍ഷെട്ടിയെ തകര്‍ച്ചയിലേക്ക് നയിച്ചത്. യുഎഇയിലെ വിവിധ ബാങ്കുകകളിലായി എന്‍എംസിക്ക് 6.6 ബില്യണ്‍ ഡോളറിന്‍റെ അതായത് അമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പുറത്തു വന്ന വിവരം. 


 

Follow Us:
Download App:
  • android
  • ios